കാസര്‍കോട്: (www.evisionnews.co)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ഫണ്ടുകള്‍ക്ക് ട്രഷറി നിയന്ത്രണമേര്‍പ്പെടുത്തിയ പിണറായി സര്‍ക്കാറിന് ധൂര്‍ത്തടിക്കാന്‍ ഇഷ്ടം പോലെ പണമുണ്ടെന്ന് ബിജെപി ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ട്രഷറി സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ ട്രഷറിയിലേക്കുള്ള ജനപ്രതിനിധി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ട്രഷറികളില്‍ പിടിച്ചുവെച്ചിരിക്കുന്നത്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് പോകാന്‍ സര്‍ക്കാര്‍ ചിലവില്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍, മന്ത്രിയുടെ കണ്ണടയ്ക്കും, കഴിച്ച പഴം പൊരി ബില്ലും പോലും യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കാന്‍ പൊതുഖജനാവിലെ ഫണ്ടുകള്‍ വകമാറ്റി ചിലവഴിക്കുകയാണ് ചെയ്യുന്നത്. ഇതേ സംസ്ഥാന സര്‍ക്കാറാണ് പണമില്ലെന്ന കാരണം പറഞ്ഞ് പാവപ്പെട്ടവരെ ദാരിദ്രത്തില്‍ നിന്ന് നിത്യദാരിദ്രത്തിലേക്ക് തള്ളിയിടുന്നത്.
ബ്ലേഡ് കമ്പനികളെക്കാളും വലിയ കൊളളയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത്. കോട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളെല്ലാം തന്നെ പണം നല്‍കാത്തതിനാല്‍ മുടങ്ങി കിടക്കുകയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഉടന്‍ തന്നെ സ്പില്‍ ഓവര്‍ ആയികിടക്കുന്ന ലക്ഷക്കണക്കിന് രൂപ ക്യാരിഓവര്‍ ആക്കിയല്ലെങ്കില്‍ നഷ്ടപ്പെടുന്ന സ്ഥിതി വിശേഷണാണുള്ളത്. ജില്ലയില്‍ നിരവധി തസ്തികകളില്‍ ജീവനക്കാരില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കന്നട ഭാഷന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ഓരാളോയെങ്കിലും നിയമിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. യുഡിഎഫും, എല്‍ഡിഎഫും പരസ്പരം സഹായിച്ചും സഹകരിച്ചുമുള്ള സമീപനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ട്രഷറി സ്തംഭനത്തിലൂടെ കാസര്‍കോട് വികസന പാക്കേജിലെ ഉള്‍പ്പെടെ നിരവധി പദ്ധിതകളാണ് മുടങ്ങിക്കിടക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് രുപറാണി ആര്‍ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.ജനനി, സവിത ടീച്ചര്‍, സെക്രട്ടറി എം.ബലരാജ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജി.സ്വപ്‌ന, കെ.ലത, ജില്ലാ പഞ്ചായത്തംഗം പുഷ്പ അമേക്കള, ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, മണ്ഡലം പ്രസിഡണ്ടുമാരായ സതീഷ്ചന്ദ്ര ഭണ്ഡാരി, സുധാമ ഗോസാഡ, തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments