മനാമ: ബഹ്റൈന്‍ ട്രാഫിക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഫീസ് വര്‍ധന താത്കാലികമായി നീട്ടിവെച്ചതായി ആഭ്യന്തരവകുപ്പു മന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ ഏതാനും ഇനങ്ങളിലാണ് ഫീസ് വര്‍ധന ഉദ്ദേശിച്ചിരുന്നത്. പുതിയ നിരക്കുകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടനെയാണ് വര്‍ധന നീട്ടിവെച്ചതായി അറിയിപ്പു വന്നത്. ഏതായാലും ഈ തീരുമാനം പൊതുവേ സ്വാഗതാര്‍ഹമായിട്ടുണ്ട്. കാരണം ഈ മാസം മുതല്‍ പുകയില ഉത്പന്നങ്ങള്‍, പെട്രോള്‍, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ട്രാഫിക് സേവന ഫീസ് വര്‍ധിക്കുന്നെന്ന വാര്‍ത്ത പരന്നത്. പെട്രോള്‍ വിലവര്‍ധന പുനഃപരിശോധിക്കണമെന്ന് പാര്‍ലമെന്റംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബഹ്റൈനില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ റോഡപകടങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി ട്രാഫിക് അധികൃതര്‍ ഈയിടെ അറിയിച്ചിരുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഫീസ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ ജാഗരൂകരായാണ് കാണപ്പെടുന്നത്. സ്മാര്‍ട്ട് സര്‍വയിലന്‍സ് ക്യാമറകള്‍ നിരത്തിലെങ്ങും സ്ഥാപിച്ചത് ഇതിന് മുഖ്യകാരണമായി കാണുന്നെന്ന് ട്രാഫിക് അധികൃതര്‍ വിശ്വസിക്കുന്നു. നിയമലംഘനങ്ങളിലേറെയും ഡ്രൈവിങ്ങില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുകാരണമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കര്‍ശനമാക്കിയ ഗതാഗത നിയമങ്ങള്‍ തെറ്റിച്ച നിരവധി പേര്‍ക്കെതിരേ ഗതാഗതവകുപ്പ് പിഴ ചുമത്തിത്തുടങ്ങിയത് മിക്കവരും ഗൗരവമായെടുത്തിട്ടുണ്ട്. കോടതിയില്‍നിന്നുള്ള സമന്‍സോ, സന്ദേശമോ യഥാവിധി ലഭിക്കാത്തപക്ഷം പിഴസംഖ്യയ്ക്ക് പുറമെ, കുടിശ്ശിക സംഖ്യക്ക് അധിക പിഴയും നല്‍കണം. ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച വ്യക്തിക്കുതന്നെ അതിവേഗം സഞ്ചരിച്ച കുറ്റവും കൂടി ചുമത്തിയിട്ടുണ്ടെങ്കില്‍ അതി വേഗതയ്ക്കുള്ള പിഴസംഖ്യ മാത്രം ട്രാഫിക് പോലീസില്‍ അടയ്ക്കാന്‍ കഴിയുകയുള്ളൂ. ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച കുറ്റത്തിനുള്ള പിഴ സംഖ്യ എത്രയെന്ന് കോടതിവിധി വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.
ബഹ്റൈനിലെ പല റോഡുകളിലും വേഗപരിധി കുറച്ചിട്ടുണ്ട്. ഇക്കാര്യം പലരും അറിയാതെ റഡാറുകളില്‍ കുടുങ്ങുന്നുണ്ട്. യെല്ലോ ബോക്സ് പ്രവേശനം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്ക്കെല്ലാം കനത്ത പിഴയാണ് ഈടാക്കുന്നത്. വാഹനങ്ങള്‍ നിരീക്ഷിക്കാനും എല്ലാ കോണുകളില്‍നിന്നും വാഹനങ്ങളുടെ ഫോട്ടോ എടുക്കാനുമുള്ള ആധുനിക ക്യാമറകളാണ് സിഗ്‌നലുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം തിരിച്ചറിഞ്ഞ് വേണ്ടുന്ന പിഴ ചുമത്താന്‍ കര്‍ശനനിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
നിയമലംഘനം നടത്തി പിഴ വീഴുകയും അത് 10 ദിവസത്തിനുള്ളില്‍ ഒടുക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ പിഴസംഖ്യ ഇരട്ടി ആയി പിന്നീട് അത് കോടതിയിലേക്കെത്തും. വാഹനമോടിക്കുന്നവര്‍ക്ക് ഏതെങ്കിലും അവസരത്തില്‍ പിഴ ചുമത്തിയിട്ടുണ്ടോ എന്നും അതിനുള്ള വിശദവിവരങ്ങളും പിഴ സംഖ്യയും അറിയുന്നതിന് വേണ്ടിയുള്ള ഇ ഗവണ്‍മെന്റ് പോര്‍ട്ടലില്‍ പ്രത്യേക ട്രാഫിക് ഉപവിഭാഗവും തുറന്നിട്ടുണ്ട്. സി.പി.ആര്‍. നന്പര്‍, അതിന്റെ കാലാവധി, ബ്ലോക്ക് നന്പര്‍ എന്നിവ അതിനനുവദിച്ച കോളത്തില്‍ പൂരിപ്പിച്ചു കഴിഞ്ഞാല്‍ പിഴ ചുമത്തിയതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാകും.
ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ പ്ലേ സ്റ്റോര്‍ തുറന്ന് ട്രാഫിക് സര്‍വീസസ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ മേല്‍പ്പറഞ്ഞ രീതിയിലൂടെ നോക്കുകയാണെങ്കില്‍ അവരവരുടെ പേരിലുള്ള ഗതാഗത നിയമലംഘനത്തിന്റെ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിയും. കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന പിഴ സംഖ്യ ഒഴികെ മറ്റ് പിഴ സംഖ്യ ക്രെഡിറ്റ് കാര്‍ഡ് വഴി ഇതേ സംവിധാനത്തിലൂടെ അടയ്ക്കുകയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
Post a Comment
0 Comments