തൃക്കരിപ്പൂര്‍ (www.evisionnews.co): പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ അന്വേഷണ സംഘത്തിന് പുതിയ മൊഴി. കൊലപാതകത്തിന് തുമ്പാകുമെന്ന് കരുതുന്ന രഹസ്യമൊഴിയെ തുടര്‍ന്ന് തൃക്കരിപ്പൂര്‍, നടക്കാവ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഓടുന്ന അമ്പതോളം ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ അന്വേഷണ സംഘം പരിശോധിച്ചു.
വാഹന പണിമുടക്ക് കാരണം ഗുഡ്‌സ് വാഹനം ഓട്ടം പോകാന്‍ സാധ്യത കുറവാണെന്ന് കണ്ടെത്തിയതിനാലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധനക്കായി തൃക്കരിപ്പൂരില്‍ എത്തിയത്. പോലീസ് വിവരം നല്‍കിയതനുസരിച്ച് ഈ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന അമ്പതോളം ഗുഡ്‌സ് വാഹനങ്ങളാണ് പരിശോധിനക്കായി ഹാജരാക്കിയത്. തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ താമസിക്കുന്ന വീടുകള്‍ കോര്‍ട്ടേഴ്‌സുകള്‍ എന്നിവിടങ്ങളില്‍ ദിവസങ്ങളായി പൊലീസ് സംഘം കയറിയിറങ്ങി ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ സ്വന്തമായുള്ളവരുടെ വിവരങ്ങളും വാഹനങ്ങളുടെ വിശദവിവരങ്ങളും ശേഖരിച്ചിരുന്നു. ഇവരോട് ഇന്നലെ രാവിലെ നടക്കാവ് കൊവ്വല്‍ മുണ്ട്യ പരിസരത്തുള്ള ഗ്രൗണ്ടില്‍ വണ്ടിയുമായി ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചീമേനിയില്‍ ജാനകി കൊലചെയ്യപ്പെട്ട ദിവസം രാത്രി അവരുടെ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ ഇളംമഞ്ഞ നിറമുള്ള ഗുഡ്‌സ് ഓട്ടോറിക്ഷ കണ്ടെത്താനാണ് ഇത്തരം വാഹനങ്ങള്‍ പോലീസ് പരിശോധിച്ചത്. ആ സമയം പുലിയന്നൂര്‍ റോഡ് വഴി കടന്നുപോയ ഒരു വാഹന ഉടമ നല്‍കിയ രഹസ്യ മൊഴിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റിയിടാന്‍ ഈ വാഹനയുടമ ആവശ്യപ്പെട്ടിരുന്നു. മുഖംമറച്ച് കഴുത്തില്‍ ചുറ്റിയിരുന്ന തുണിവായില്‍ കടിച്ചുപിടിച്ച നിലയില്‍ ഒരാളാണ് ഗുഡ്‌സ് ഓട്ടോയില്‍ ഉണ്ടായിരുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് പരിശോധനയില്‍ ഇളം മഞ്ഞനിറത്തിലുള്ള ഗുഡ്‌സ് വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Post a Comment
0 Comments