ന്യൂഡല്‍ഹി (www.evisionnews.co): കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി വിധിയും തുടര്‍നടപടിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ പിന്‍മാറി. തന്റെ ഹര്‍ജി എഎം സാപ്രെ അടങ്ങുന്ന ബെഞ്ച് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നേരത്തെ സുപ്രിം കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എഎം സാപ്രെ പിന്‍മാറിയിരിക്കുന്നത്.
ഇന്ന് ഹര്‍ജി പരിഗണിക്കവെ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗി വാദം ആരംഭിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ജസ്റ്റിസ് എഎം സാപ്രെ താന്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. താനില്ലാത്ത മറ്റൊരു ബെഞ്ച് കേസ് കേള്‍ക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് കത്ത് നല്‍കാനുണ്ടായ കാരണം തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിലേക്ക് കോടതി കടന്നില്ല. കാരണം എന്തായാലും താന്‍ ഈ കേസ് കേള്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് എഎം സാപ്രെ വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 19 ലേക്ക് മാറ്റി.
നേരത്തെ സുപ്രിം കോടതി രജിസ്ട്രി തോമസ് ചാണ്ടിയുടെ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് തന്റെ ആവശ്യം പിന്‍വലിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി വീണ്ടും കത്ത് നല്‍കി. ജനുവരി 11 ന് ഹര്‍ജി പരിഗണിച്ച കോടതി ഈ കത്തുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Post a Comment
0 Comments