Type Here to Get Search Results !

Bottom Ad

സര്‍ഗോത്സവം ഉദ്ഘാടന ചടങ്ങില്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിക്ക് ക്ഷണമില്ല, സി.പി.ഐയെ തഴഞ്ഞെന്ന് ആരോപണം


കാഞ്ഞങ്ങാട് (www.evisionnews.co) : സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചാമത് സര്‍ഗോത്സവം സിപിഎം പാര്‍ട്ടി മേളയാക്കിയതായി ആരോപണം. ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐയെയും സ്ഥലം എംഎല്‍എ കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും തഴഞ്ഞതില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എയും ഘോഷയാത്ര കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ എം. നാരായണന്‍ ഉദ്ഘാടന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ഗോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനെയോ സി.പി.ഐയുടെ ജില്ലയിലെ ഒരു പ്രതിനിധിയോ ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷണിച്ചിരുന്നില്ലെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. 

സംസ്ഥാനതല പരിപാടിയായിട്ടും ചെയര്‍മാനായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് ക്ഷണപത്രത്തിലില്ല. പരിപാടിയുടെ സംഘാടനത്തില്‍ സി.പി.ഐയുടെ അധ്യാപക യൂണിയനെ പരിഗണിച്ചില്ല. ഘോഷയാത്ര ചെയര്‍മാനാക്കിയിട്ട് നോട്ടീസില്‍ പേരുവെച്ചതല്ലാതെ ഘോഷയാത്രയെ കുറിച്ചുള്ള ആലോചനായോഗത്തില്‍ പോലും ഇദ്ദേഹത്തെ വിളിച്ചിരുന്നില്ലെന്നും എം. നാരായണന്‍ പറഞ്ഞു. 

സമാപന സമ്മേളനത്തില്‍ സി.പി.ഐയുടെ പേര് ആശംസാ പ്രസംഗകരില്‍ അവസാനമായി ചേര്‍ത്തുവെന്ന ആക്ഷേപവുമുണ്ട്. സര്‍ഗോത്സവത്തില്‍ പാര്‍ട്ടി തഴഞ്ഞത് ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സി.പി.ഐ- സി.പി.എം തര്‍ക്കം രൂക്ഷമാകുന്നതിന്റെ സാധ്യതയാണ് സര്‍ഗോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. ജില്ലയിലെ സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായിട്ടുള്ളത്. ജില്ലാ സമ്മേളനം നടക്കാനിരിക്കെ സി.പി.ഐയെ തടഞ്ഞത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് പറയപ്പെടുന്നത്. സര്‍ഗോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ സ്ഥാപിച്ച ഫ്‌ളക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ ബാലന്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ സി.പി.എമിന്റെ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്റെ ഫോട്ടോയും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ചടങ്ങിന് ക്ഷണിച്ചവരുടെ പടം മാത്രമെ ഫ്‌ളക്സില്‍ അച്ചടിച്ചിട്ടുള്ളുവെന്നാണ് പട്ടിക ജാതി- പട്ടിക വര്‍ഗ ഡെപ്യുട്ടി ഡയറക്ടര്‍ പറയുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ പടം ഉള്‍പ്പെടുത്തിട്ടും മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രിയുടെ പടം ഇല്ലാത്തതും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad