തിരുവനന്തപുരം : പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും അരലക്ഷം രൂപ ബോണ്ടിലുമാണ് വിട്ടത്. നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പറഞ്ഞു. റജിസ്‌ട്രേഷന്‍ കാര്യങ്ങളും മറ്റു ചിലരാണു നോക്കിയത്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്. എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.
അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിര്‍ദേശം. ആ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.
Post a Comment
0 Comments