Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് പ്രവര്‍ത്തകന് പോലീസിന്റെ ക്രൂരമര്‍ദനം: ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.co): പോലീസ് കസ്റ്റഡിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം. ആറങ്ങാടി പി.വി ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ പി.വി അസീമാ (28)ണ് മര്‍ദനത്തിനരയായത്. അസീമിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് നേരിട്ട് കേസെടുക്കാന്‍ ഉത്തരവിട്ടു.

പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതി ചേര്‍ക്കപ്പെട്ട അസീമിനെ ഹൊസ്ദുര്‍ഗ് പോലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. എന്നാല്‍ തനിക്കെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്നും പോലീസ് വാഹനത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ അസീം മൊഴി നല്‍കുകയായിരുന്നു. കല്യാണ വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന അസീമിനെ 24ന് ഉച്ചയ്ക്ക് 2.40നാണ് ആറങ്ങാടിയില്‍ വെച്ച് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

കസ്റ്റഡിയിലായ അസീമിനെ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അന്ന് വൈകിട്ട് അസീമിനെ പൊലിസ് തന്നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു അസീമിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ശേഷം തിങ്കളാഴ്ച അസീമിനെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

നിരപരാധിയായ തന്നെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനത്തില്‍ വെച്ച് ഹോസ്ദുര്‍ഗ് പ്രിന്‍സിപല്‍ എസ്.ഐ, അഡീ.എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അസീം മജസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കി. താന്‍ കസ്റ്റഡിയിലായതിന് ശേഷം ചിലര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ തന്നെ പ്രതിചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കിയെന്നും അസീം മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടു. അസീമിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് കൂടുതല്‍ നടപടികള്‍ക്കും സാക്ഷികളെ ഹാജരാക്കാനും ജനുവരി എട്ടിലേക്ക് കേസ് മാറ്റുകയും ചെയ്തു. അസീമിന് ആവശ്യമായ വൈദ്യസഹായം നല്‍കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad