Type Here to Get Search Results !

Bottom Ad

ദുരന്തനിവാരണ അതോറിറ്റിയുടെ വീഴ്ച്ച; ഓഖിയുടെ വരവ് ഒരാഴ്ച മുന്‍പേ അറിഞ്ഞു; മുന്നറിയിപ്പ് നല്‍കിയില്ല


തിരുവനന്തപുരം: (www.evisionnews.co) 'ഓഖി' ചുഴലിക്കാറ്റെത്തുന്നതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ച പറ്റി. ജില്ലാ ഭരണകൂടങ്ങളേയും മല്‍സ്യത്തൊഴിലാളികളെയും അറിയിച്ചില്ല. ഓഖിയുടെ വരവ് ഒരാഴ്ച മുന്‍പേ അറിയാമായിരുന്നു. എന്നിട്ടും റവന്യുമന്ത്രിയെയടക്കം വിവരമറിയിക്കുന്നത് രാവിലെ പതിനൊന്നോടെ മാത്രമായിരുന്നു. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് ഉച്ചയ്ക്ക് 12 മണിക്കും. ചുഴലിക്കാറ്റു വരുന്നതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാത്തതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് വിശദീകരണം. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതു പ്രായോഗികമല്ലെന്നാണു വിദഗ്ധരുടെ വിശദീകരണം. 11 മണിയോടെയാണു ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്; അപൂര്‍വമായി മാത്രമേ കൊടുങ്കാറ്റായി മാറൂ. ഇതിനു പുറമേ, പ്രഭവകേന്ദ്രം തീരത്തോട് അടുത്തായതും (തീരത്തിന് 70 കിലോമീറ്റര്‍ മാത്രം അകലെ) തിരിച്ചടിയായി. ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാല്‍, പിന്നീടു വടക്കന്‍ ദിശയിലേക്കു മാറി. കന്യാകുമാരി വരെ ഭാഗങ്ങളില്‍ കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനയെന്നും വിദഗ്ധര്‍ വിശദീകരിച്ചു. എന്നാല്‍, വിദേശരാജ്യങ്ങള്‍ പലതും കാലവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങള്‍ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കേരള തീരങ്ങളില്‍ ന്യൂനമര്‍ദം രൂപപ്പെടാറുണ്ടെങ്കിലും നാലു വര്‍ഷത്തിനിടെ ഇത്ര അടുത്ത് എത്തുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കു തെക്ക് 120 കിലോമീറ്റര്‍ അകലെയെത്തിയതോടെയാണു ന്യൂനമര്‍ദം ശക്തി പ്രാപിച്ചത്. തുടര്‍ന്നാണു മഴയും ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. തീരത്തേക്ക് അടുത്തെങ്കിലും കരയിലേക്കു കടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇന്നലെ പകല്‍ 11.30നു തിരുവനന്തപുരം, കന്യാകുമാരി തീരങ്ങള്‍ക്ക് 70 കി.മീ മാത്രം അകലെ കടലില്‍ ന്യൂനമര്‍ദപാത്തി സ്ഥിരീകരിച്ചിരുന്നു. അപ്പോഴാണു കേരള തീരത്തു കാറ്റും മഴയും കനത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad