Type Here to Get Search Results !

Bottom Ad

മന്ത്രിമാര്‍ക്കു കുടുംബാംഗങ്ങളുടെ ചികില്‍സാ ചെലവ് ഈടാക്കാം: മന്ത്രി ശൈലജ


തിരുവനന്തപുരം ചികില്‍സാച്ചെലവുകള്‍ സര്‍ക്കാരില്‍നിന്ന് ഈടാക്കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ്. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും നടത്തിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു. മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്ത വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

മന്ത്രിമാരുടെ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്കു ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികില്‍സാ സഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികില്‍സാചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാം. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികില്‍സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്.മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയോ റീ-ഇംപേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികില്‍സയ്ക്കു മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്. ഹാജരാക്കിയ ബില്ലുകളില്‍ ആഹാര സാധനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പേരില്‍ അതിനും തുക വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭര്‍ത്താവിനെ ചികില്‍സിച്ച ആശുപത്രിയില്‍നിന്ന് ഇത്തരത്തിലുള്ള ബില്ലാണ് നല്‍കിയത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല.

മരിച്ചുപോയ അമ്മയുടെ ചികില്‍സാ ബില്ലിനെ സംബന്ധിച്ചു ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ബില്‍ എവിടെയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂര്‍ എല്‍എം ആശുപത്രിയിലേയും എകെജി ആശുപത്രിയിലേയും ബില്ലുകള്‍ റീ-ഇംപേഴ്സ്മെന്റിനായി ഹാജരാക്കിയിരുന്നു. ഏതെങ്കിലും ആശുപത്രിയുടെ വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കില്‍ വാര്‍ത്ത നല്‍കിയവര്‍ തെളിയിക്കണം. അപേക്ഷയില്‍ ഒരിടത്തു തലശേരി എന്ന് തെറ്റായി അച്ചടച്ചതിനെ അപകീര്‍ത്തികരമായ പ്രചരണത്തിന്റെ വേദിയാക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. അപേക്ഷയില്‍ സമര്‍പ്പിച്ച എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിലും രേഖകളിലും മട്ടന്നൂര്‍ എല്‍എം ആശുപത്രിയിലെ ഡോക്ടറാണ് ഒപ്പിട്ടത്. അമ്മ ഡിസ്ചാര്‍ജാകും മുന്‍പ് ബില്ല് സമര്‍പ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ചികില്‍സയുടെ ഓരോ ഘട്ടത്തിലും റീ-ഇംപേഴ്സ്മെന്റ് നടത്തുകയാണ് ചെയ്തത്. ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad