Type Here to Get Search Results !

Bottom Ad

വാഹനപരിശോധനയുടെ പേരില്‍ പോലീസ് ജനങ്ങളെ കൊല്ലുന്നു: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം പുലര്‍ച്ചെ അണങ്കൂരില്‍ നടുറോഡില്‍ വാഹന പരിശോധക്കിടയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകന്‍ എം.ബി.എ വിദ്യാര്‍ത്ഥി സുഹൈല്‍ മരിച്ച സംഭവത്തെകുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

വാഹനപരിശോധന നടത്താന്‍ അധികാരമില്ലാത്ത പോലീസുകാരെ കയറൂരിവിട്ട് നിയമലംഘനം നടത്താന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ പരിണിത ഫലമാണ് ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കാസര്‍കോട് പോലീസ് സര്‍ക്കിളിന്റെ കീഴില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും എ.ആര്‍ പോലീസും ഹോം ഗാര്‍ഡും ദിവസ വേതനത്തിന് നിയോഗിച്ച സ്‌പെഷല്‍ പോലീസുമാണ് വാഹനങ്ങള്‍ തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കുന്നതും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതും.

ഇത് നിയമ ലംഘനമാണ്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹനങ്ങള്‍ പരിശോധിക്കാനും രേഖകള്‍ ആവശ്യപ്പെടാനും സംശയമുണ്ടങ്കില്‍ കസ്റ്റഡിയിലെടുക്കാനും അധികാരമുള്ളൂ. ജില്ലയില്‍ മറ്റൊരു സ്ഥലത്തും കാണാത്ത രീതിയില്‍ വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുന്നതും ജീവന്‍ നഷ്ടപ്പെടുത്തുന്നതും കാസര്‍കോട് മാത്രമാണ്. നിയമപാലകര്‍ നിയമം ലംഘിക്കുന്നത് നോക്കി നില്‍ക്കുകയാണ് പോലീസ് മേധാവികള്‍. പോലീസിന്റെ നിയമ ലംഘനത്തിനെതിരെ സംസാരിച്ചാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കള്ളക്കേസെടുത്ത് ജയിലടക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട നിയമപാലകര്‍ ജനങ്ങളുടെ കാലനായി മാറുകയാണ്.

സുഹൈലിന്റെ മരണത്തിന് കാരണമായ രീതിയില്‍ വാഹന പരിശോധന നടത്തിയ പോലീസുകാരെയും അവര്‍ക്ക് തെറ്റായ രീതിയില്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനേയും സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad