കാസര്‍കോട് (www.evisionnews.co): ആവശ്യമായ രേഖകള്‍ യഥാസമയം നല്‍കാതെ സ്ഥലം ഉടമകളെ വട്ടംകറക്കി ദേശീയപാത വികസനത്തിന് ഉദ്യോഗസ്ഥര്‍ തന്നെ തടസം നില്‍ക്കുന്നതായി ആക്ഷേപം. ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍ക്കായി സ്ഥലം ഉടമകള്‍ ബന്ധപ്പെട്ട ഓഫീസുകളെ സമീപിക്കുമ്പോഴാണ് ഫീസ് കൂടുതല്‍ ആവശ്യപ്പെട്ട് ഉടമകളെ നെട്ടോട്ടമോടിക്കുന്നതായും മോശമായി പെരുമാറുന്നതായുമാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വില്ലേജ് ഓഫീസില്‍ നിന്ന് നോണ്‍ അറ്റാച്ച്മെന്റ് പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിനും രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കുടിക്കടം രേഖക്കും നഗരസഭയില്‍ നിന്ന് ഓണര്‍ സര്‍ട്ടിഫിക്കറ്റിനും ചെല്ലുമ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ സ്ഥലം ഉടമകളോട് നിഷേധാത്മകമായ സമീപനം പുലര്‍ത്തുന്നത്. രേഖകള്‍ക്കുള്ള ഫീസ് ഇനത്തില്‍ ഭീമന്‍ തുക ആവശ്യപ്പെട്ട് ഉടമകളെ തിരിച്ചയക്കുന്നതായും ആക്ഷേപമുണ്ട്. മേലപറഞ്ഞ രേഖകള്‍ക്കെല്ലാംകൂടി വലിയ തുകയാണ് ഉടമകള്‍ക്ക് അടക്കേണ്ടിവരിക. ഇതുമൂലം സ്ഥലം ഉടമകള്‍ നിരവധി തവണയാണ് ഓഫീസില്‍ കയറിയിറങ്ങേണ്ടിവരുന്നത്. ഇതേക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സ്ഥലം ഉടമകള്‍.
Post a Comment
0 Comments