കാഞ്ഞങ്ങാട് (www.cvisionnews.co): പട്ടിഗവര്‍ഗ സംവരണത്തിന് അര്‍ഹരായ മറാഠി വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കുന്നതിന് ആവശ്യമായ ഫണ്ടുകള്‍ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. 2013 സെപ്തംബറിലാണ് പുതിയ ഉത്തരവ് പ്രകാരം പട്ടിഗവര്‍ഗ സംവരണത്തിന് മറാഠി വിഭാഗം അര്‍ഹരായത്. 2001 മുതല്‍ 2013 വരെയാണ് മറാഠികള്‍ക്ക് സംവരണാനുകൂല്യം നഷ്ടമായത്. മറാഠി സമൂഹത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ റോഡ്, കുടിവെള്ളം, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സംവരണം നിലനില്‍ക്കുമ്പോള്‍ ലഭിച്ചിരുന്ന ഫണ്ട് പോലും സംവരണം പുനസ്ഥാപിപ്പോള്‍ ലഭിക്കുന്നില്ലെന്ന് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍. ഭട്ട് പറഞ്ഞു.
സംവരണ കാലത്ത് ഒരു കോടിയോളം രൂപ എന്‍മകജെ പഞ്ചായത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലായി 5,19,000 രൂപമാത്രമാണ് ലഭിച്ചത്. ജില്ലയില്‍ 90 ശതമാനം മറാഠികള്‍ താമസിക്കുന്ന പഞ്ചായത്താണ് എന്‍മകജെ. കൊറഗയും കുടിയാന്‍ എന്ന പട്ടിക വര്‍ഗവിഭാഗവും ഈ പഞ്ചായത്തിലുണ്ട്. അവരുടെ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ഈ ഫണ്ട് കൊണ്ട് സാധിക്കുന്നില്ല. മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ കൂടുതലുള്ള പഞ്ചായത്ത് കൂടിയാണിത്.
ബദിയഡുക്ക, ദേലംപാടി, പൈവളിഗ, വെള്ളൂര്‍, കാറഡുക്ക, കുറ്റിക്കോല്‍, പനത്തടി പഞ്ചായത്തുകളിലും മറാഠി വിഭാഗങ്ങള്‍ വസിക്കുന്നുണ്ട്. പട്ടിക വര്‍ഗത്തിന്റെ മൊത്തമായ ക്ഷേമത്തിനായാണ് ഫണ്ട് അനുവദിക്കുന്നത്. അതില്‍ വിഭാഗങ്ങളെ വേര്‍തിരിച്ച് ഫണ്ട് വിനിയോഗിക്കുകയാണ് പതിവ്. ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതിനാല്‍ മറാഠികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്.
മറാഠികളുടെ സംവരണാനുകൂല്യം പുനസ്ഥാപിക്കാനാവശ്യമായ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ടിന്റെ നേതൃത്വത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പുട്ടപ്പ ഖണ്ഡികെ, അംഗങ്ങളായ ഉദയ ചെട്ടിയാര്‍, കെ.പുഷ്പ, മല്ലിക, മമത, ശശികല, സതീഷ് കുലാല്‍, എസ്സി എസ്എടി മോര്‍ച്ച കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് വാണിനഗര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
മറാഠി സമൂഹത്തിന്റെ സംവരണാനുകൂല്യം പുനസ്ഥാപിക്കുന്നതിനുവേണ്ടി അടുത്ത നിയമ സഭയില്‍ ഉന്നയിക്കുമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നടപടികള്‍ കൈകൊള്ളും. സാമ്പത്തിക സഹായം എത്രയും പെട്ടെന്ന് ലഭിക്കാനുള്ള നടപടിയെടുപ്പിക്കുമെന്നും ഒ.രാജഗോപാല്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.
Post a Comment
0 Comments