Type Here to Get Search Results !

Bottom Ad

കോടതി വിധി ലംഘിച്ച് ജൂനിയര്‍ പ്രമോഷന്‍ ഒഴിവുകള്‍ കുറച്ചു കാണിക്കുന്നു


കാസര്‍കോട് (www.evisionnews.co): ഹയര്‍ സെക്കണ്ടറി ജൂനിയര്‍ അധ്യാപകരുടെ ഒഴിവുകള്‍ കുറച്ചുകാണിച്ച് പ്രമോഷന്‍ സാധ്യതകള്‍ നഷ്ടപ്പെടുത്താനുള്ള ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നീക്കം തിരുത്തണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറി സ്‌പെഷ്യല്‍ റൂള്‍പ്രകാരം സീനിയര്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ മുഴുവന്‍ ഒഴിവുകളും ജൂനിയര്‍ അധ്യാപകര്‍ക്ക് അവകാശപ്പെട്ടതാണ്. യോഗ്യരായ ജൂനിയര്‍ അധ്യാപകരുടെ അഭാവത്തില്‍ മാത്രമെ 1:3 എന്ന അനുപാതത്തില്‍ എച്ച്.എസ്.എ, യു.പി.എസ്.എ, എല്‍.പി.എസ്.എമാരില്‍ നിന്നും നേരിട്ടും പി.എസ്.സിവഴിയും നിയമനം നടത്താന്‍ പാടുള്ളൂ. എന്നാല്‍ നിലവിലുള്ള ഒഴിവുകള്‍ എച്ച്.എസ്.എ, യു.പി.എസ്.എ, എല്‍.പി.എസ്.എമാര്‍ക്ക് നിയമനം നല്‍കാന്‍ മാറ്റിവെച്ചതാണെന്ന കാരണം പറഞ്ഞാണ് ജൂനിയര്‍ അധ്യാപകര്‍ക്ക് അവസരം നിഷേധിക്കുന്നത്.

ആഗസ്ത് 18ന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരമായി 45 എച്ച്.എസ്.എസ്.ടി മലയാളം കഴിവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നടത്തിയ മറുപടിയും അവഗണിച്ചാണ് ഇപ്പോള്‍ ഒമ്പത് ഒഴിവുകള്‍ മാത്രമെ ഉള്ളൂ എന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പുതന്നെ മലയാളം അധ്യാപകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് തങ്ങള്‍ക്കനുകൂലമായ വിധി നേടിയിട്ടുണ്ട്. 

പ്രസ്തുത ഉത്തരവ് അവഗണിച്ചാണ് ഒഴിവുകള്‍ വീണ്ടും എച്ച്.എസ്.എ, യു.പി.എസ്.എ, എല്‍.പി.എസ്.എ ട്രാന്‍സ്ഫര്‍ നിയമനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. ഇതുകോടതി വിധിയുടെ ലംഘനമാണ്. മറ്റു വിഷയങ്ങളുടെ കാര്യത്തിലും ഇതേ രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ഏകപ്രമോഷന്‍ സാധ്യത നിഷേധിക്കുന്ന നടപടി പിന്‍വലിച്ച് അര്‍ഹമായ മുഴുവന്‍ സീനിയര്‍ ഒഴിവുകളിലും ജൂനിയര്‍ എച്ച്.എസ്.എസ്.ടിമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് എം. രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി ഡോ: സാബു ജി. വര്‍ഗീസും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad