കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ഏപ്രില്‍ മാസത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ദ പരിശോധന കഴിഞ്ഞ് ഫീല്‍ഡ് സര്‍വെ അടക്കം നടത്തിയ കരട്പട്ടികയില്‍ നിന്നും അര്‍ഹരായ രോഗികളെ പുറത്താക്കയതിന്റെ കാരണമറിയണമെന്ന് ജില്ലാ ഭരണകൂടത്തോട് ദുരിതബാധിതരുടെ അമ്മമാര്‍ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും പുറത്തായതിന്റെ കാരണം വെളിപ്പെടുത്താന്‍ തയാറായില്ലെങ്കില്‍ മക്കളെയുമെടുത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും ദുരിതബാധിരുടെ കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സെല്‍ യോഗത്തില്‍ നടപടി ക്രമമെല്ലാം കഴിഞ്ഞ് 1905 പേരെ പട്ടികയില്‍ ഉള്‍പെടുത്തിയതായി ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചെങ്കിലും പിന്നീടത് 287 ആയി ചുരുക്കിയത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പീഡിത ജനകീയ മുന്നണി പ്രസിഡണ്ട് മുനീസ അമ്പലത്തറ ചോദിച്ചു. ആയിരക്കണക്കിന് കുട്ടികളെ ഒഴിവാക്കിയത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അമ്മമാരുടെ കണ്ണീര് കാണാന്‍ ഭരണകൂടം തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. യോഗത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. കെട്ടന്‍, ഗോവിന്ദന്‍ കയ്യൂര്‍, കെ. ചന്ദ്രാവതി, എം. സുബൈദ, കെ. പ്രസന്ന, എ. ആയിഷ സംസാരിച്ചു.
Post a Comment
0 Comments