Type Here to Get Search Results !

Bottom Ad

സൗദി അടുത്തവര്‍ഷംമുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും


റിയാദ്: സൗദി അറേബ്യ അടുത്തവര്‍ഷംമുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് വിനോദസഞ്ചാരപൈതൃക ദേശീയ കമ്മിഷന്‍ അറിയിച്ചു. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധപദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും കമ്മിഷന്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് എളുപ്പം വിസ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഇതോടെ വിദേശരാജ്യങ്ങളിലെ എംബസികളെ സമീപിക്കാതെതന്നെ വിസ നേടാന്‍ കഴിയുമെന്ന് സഞ്ചാരപൈതൃക ദേശീയ കമ്മിഷന്‍ പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു.

ആഭ്യന്തര ടൂറിസമാണ് നിലവില്‍ കമ്മിഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. സ്വദേശികളെയും രാജ്യത്തുള്ള വിദേശികളെയും സൗദിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിവിധ പദ്ധതികള്‍ കമ്മിഷന്‍ നടപ്പാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയെ വ്യവസായമായി പരിഗണിച്ച് പ്രോത്സാഹനം നല്‍കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. 

ടൂറിസം പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്താന്‍ രാജ്യം ഏറെ വൈകിയിരുന്നു. എന്നാല്‍, വിനോദസഞ്ചാര മേഖലയ്ക്ക് അനുയോജ്യമായ പശ്ചാത്തലസൗകര്യം രാജ്യത്തിനുണ്ട്. ഏറ്റവും മികച്ച ഹോട്ടലുകള്‍, യാത്രാസൗകര്യങ്ങള്‍, രാജ്യത്തെ എല്ലാ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തര വിമാന സര്‍വീസ് എന്നിവ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാണെന്നും പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തെ ചരിത്രസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് അനുമതിനല്‍കുമെന്ന്  കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍പരിപാടിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad