Type Here to Get Search Results !

Bottom Ad

സൗദി അറേബ്യയില്‍ വീട്ടുതടങ്കലിലായിരുന്ന കുറ്റിക്കോൽ സ്വദേശിനി അമ്മാളുവിന് മോചനം; രക്ഷകനായത് ജില്ലാ കളക്ടർ


ബന്തടുക്ക:(www.evisionnews.co)സൗദി അറേബ്യയില്‍ വീട്ടുതടങ്കലിലായിരുന്ന കുറ്റിക്കോൽ സ്വദേശിനി അമ്മാളുവിന് മോചനം.ജില്ലാ കളക്ടറുടെ ഇടപെടലിലാണ് പുളുവിഞ്ചി പട്ടികവര്‍ഗ കോളനിയിലെ നാരായണന്റെ ഭാര്യ എച്ച്‌. അമ്മാളു  മോചിതയായത്. വീട്ടുതടങ്കലില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട യുവതി  ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.  സെപ്‌റ്റംബര്‍ 28ന്‌ വീട്ടുജോലിക്കായി സൗദിയിലേക്ക്‌ പോയ അമ്മാളുവിന്‌ 1500 സൗദി റിയാല്‍ ശമ്പളമായി നല്‍കാമെന്നാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. എന്നാല്‍ 1000 സൗദി റിയാല്‍ ശമ്പളം കൊടുക്കാനാണ്‌ വീട്ടുകാര്‍ തയ്യാറായത്‌. യുവതി ഈ ശമ്പളത്തിന്‌ ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന്‌ ഏജന്‍സിയെ അറിയിച്ചതോടെ അവര്‍ മറ്റൊരു വീട്ടില്‍ ജോലിക്ക്‌ നിര്‍ത്താമെന്ന്‌ പറഞ്ഞ്‌ കൊണ്ടുപോയി. അവിടെ വെച്ച്‌ യുവതിക്ക്‌ മര്‍ദ്ദനമേല്‍ക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ യുവതിയെ ആദ്യത്തെ വീട്ടിലെത്തിച്ചു. എപ്പോഴെങ്കിലും ആരെങ്കിലും വന്നു പോകുന്നതൊഴിച്ചാല്‍ അവിടെ മിക്കപ്പോഴും ആരും ഉണ്ടായിരുന്നില്ല. വാതില്‍ പൂട്ടിയ അവസ്ഥയിലായിരുന്നു.മൂന്നാള്‍ പൊക്കത്തില്‍ മതിലുള്ള ആ വീട്ടില്‍ നിന്നും രക്ഷപ്പെടുക ബുദ്ധിമുട്ടായിരുന്നു. അവിടെയുണ്ടായിരുന്ന ധാന്യം സ്വയം പാചകം ചെയ്‌ത്‌ കഴിക്കുകയായിരുന്നു.കയ്യിലുള്ള മൊബൈലില്‍ കണക്ഷനും ഉണ്ടായിരുന്നില്ല. ആരോടും ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ മൊബൈലില്‍ ലഭിച്ച സൗജന്യ വൈഫൈ സിഗ്‌നലുകളാണ്‌ യുവതിയുടെ ദുരവസ്ഥ പുറം ലോകമറിയാന്‍ കാരണമായത്‌. മൊബൈലില്‍ കണ്ട ഒരു നമ്പറിലേക്ക്‌ തന്റെ ദുരവസ്ഥ അറിയിക്കുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന കൊടവലം സ്വദേശി സുകുമാരന്റെതായിരുന്നു പ്രസ്‌തുത നമ്പര്‍.സുകുമാരനാണ്‌ യുവതിയുടെ ദുരവസ്ഥ വീട്ടുകാരെ അറിയിച്ചത്‌. വീട്ടുകാര്‍ പൊതുപ്രവര്‍ത്തകനായ പുളുവിഞ്ചിയിലെ വേണുവിന്റെ സഹായത്തോടെ കുറ്റിക്കോല്‍ എ യു പി എസ്‌ അധ്യാപകന്‍ കെ.ആര്‍.സാനുവിന്റെ സഹായം തേടി. അദ്ദേഹം യുവതിയുടെ ദുരവസ്ഥ ജില്ലാ കളക്ടറുടെയും കൊച്ചിയിലെ എമിഗ്രേഷന്‍ അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു.
എന്നാല്‍ യുവതി സൗദിയില്‍ ഉണ്ടെന്നല്ലാതെ എവിടെയാണെന്നോ കൊണ്ടുപോയ ഏജന്‍സി ഏതാണെന്നോ അറിയാതെ പോയത്‌ ബുദ്ധിമുട്ടുണ്ടാക്കി, അതിനിടെ യുവതിയുമായി വാട്ട്‌സ്‌ ആപ്പില്‍ ബന്ധപ്പെടാന്‍ കെ.ആര്‍.സാനുവിനായി. യുവതി യില്‍ നിന്നും പാസ്‌പോര്‍ട്ട്‌, വിസ, പ്ലെയിന്‍ ടിക്കറ്റിന്റെ കോപ്പി, മൊബൈല്‍ ലോക്കേഷന്‍ എന്നിവ ലഭിച്ചു. കിട്ടിയ വിവരങ്ങള്‍ കാസര്‍കോട്‌ ജില്ലാ കളക്ടര്‍ക്ക്‌ കൈമാറുകയും അദ്ദേഹം സൗദിയിലെ ഇന്ത്യന്‍ എംബസിയെ വിവരമറിയിക്കുകയും ചെയ്‌തു. ഇതോടെ യുവതിയെ സൗദിയിലേക്ക്‌ കൊണ്ടുപോയ ഏജസി അവരെ തിരികെ എത്തിക്കാന്‍ നിര്‍ബന്ധിതരായി. മിനിഞ്ഞാന്ന്‌ രാത്രി എട്ടുമണിയോടെ കോഴിക്കോട്‌ വിമാനത്താവളത്തില്‍ അമ്മാളു എത്തിച്ചേര്‍ന്നു.തുടര്‍ന്ന്‌ ബന്ധുക്കള്‍ യുവതിയെ സ്വദേശമായ കുറ്റിക്കോലിന്‌ കൂട്ടിക്കൊണ്ടുവന്നു. തന്നെ വഞ്ചിച്ച ഏജന്‍സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ യുവതി.

Post a Comment

0 Comments

Top Post Ad

Below Post Ad