Type Here to Get Search Results !

Bottom Ad

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് അവസാനഘട്ടത്തിലേക്ക്; കുത്തിവയ്പിന് സഹകരിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് കളക്ടര്‍

കാസർകോട്:(www.evisionnews.co)ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും മീസില്‍സ്(അഞ്ചാംപനി)-റൂബെല്ല കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ കര്‍ശന നിര്‍ദേശം നല്‍കി. ഇനി അവശേഷിക്കുന്ന 12 ദിവസത്തിനുള്ളില്‍ 100 ശതമാനം കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ് എടുക്കാന്‍ അതാതു സ്‌കൂളുകള്‍ നടപടിയെടുക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 
കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങളുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെയ്പ് ഈ മാസം 18ന് അവസാനിക്കുകയാണ്. അതിന് മുമ്പ് എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ് എടുക്കാനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ-വിദ്യാഭ്യാസവകുപ്പുകളും. 
ഒന്‍പത് മാസം മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത്.  ജില്ലയില്‍ ഇതുവരെ 2,11,621 കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് നല്‍കിക്കഴിഞ്ഞു. അവശേഷിക്കുന്നത് 1,10,000 കുട്ടികളാണ്. അവര്‍ക്ക് 18നകം കുത്തിവയ്പ് എടുത്ത് 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ കിഴക്കന്‍ മേലകളില്‍ ഭൂരിഭാഗം സ്‌കൂളുകളും 90 ശതമാനത്തിലധികം എത്തിക്കഴിഞ്ഞു. ഇതുവരെ 48 സ്‌കൂളുകളില്‍ 100 ശതമാനം കുട്ടികള്‍ക്കും കുത്തിവയ്പ് എടുത്തു.
നിലവില്‍ മുളിയാര്‍, മംഗല്‍പാടി, കുമ്പള എന്നീ മൂന്നു ബ്ലോക്കുകളിലാണ് ഏറ്റവും കുറവ് പ്രതിരോധ പ്രവര്‍ത്തനം നടന്നത്. ഇൗ പ്രദേശങ്ങളില്‍ അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും വീടുകളിലെത്തി രക്ഷിതാക്കളെ ബോധവല്‍ക്കരിക്കും. മാത്രമല്ല ഇവിടങ്ങളിലെ യൂത്ത് ക്ലബുകള്‍, വിവിധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയും ബോധവത്ക്കരണം നടത്തും. ബുധന്‍, ശനി ദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുത്തിവയ്പ് എടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad