Type Here to Get Search Results !

Bottom Ad

പാക്കിസ്ഥാന്‍ കത്തുന്നു; തെരുവില്‍ പോരാട്ടം ടിവി ചാനലുകള്‍ക്കു വിലക്ക്,


ലാഹോര്‍ : (www.evisionnews.co) പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം കൂടുതല്‍ രൂക്ഷമായി. കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസും സൈന്യവും രംഗത്തെത്തിയതോടെ ലഹോറിലെ തെരുവുകള്‍ യുദ്ധസമാനമായി. തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അക്രമത്തില്‍ ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നൂറ്റിഅന്‍പതിലേറ പേര്‍ക്കു പരുക്കേറ്റു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. എന്നാല്‍ പൊലീസ് വാഹനങ്ങള്‍ക്കു തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാര്‍ രംഗത്തുണ്ട്. സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ പ്രതിഷേധ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നു സര്‍ക്കാര്‍ വിലക്കി. ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രതിഷേധം പടരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണു സര്‍ക്കാര്‍ ഭാഷ്യം.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. റോഡുമാര്‍ഗം യാത്ര ഒഴിവാക്കണമെന്നു ഷെരീഫിനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമൊത്ത് നവാസ് ഷെരീഫ് അതിനിടെ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നായിരുന്നു ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇലക്ഷന്‍സ് ആക്ടില്‍ വരുത്തിയ ഭേദഗതിയാണ് സര്‍ക്കാരിനു തിരിച്ചടിയായത്. സത്യപ്രതിജ്ഞ ചടങ്ങില്‍ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച അടിച്ചേല്‍പ്പിക്കലാണുണ്ടായിരിക്കുന്നതെന്ന് ആരോപിച്ചാണ് തീവ്രപക്ഷ പാര്‍ട്ടിക്കാരുടെ പ്രതിഷേധം.നിയമമന്ത്രി സാഹിദ് ഹമീദ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദ് എക്‌സ്പ്രസ്വേ ഉപരോധിക്കുകയാണ്. ഇസ്ലാമാബാദിനെ റാവല്‍പിണ്ടിയുമായി ബന്ധിപ്പിക്കുന്ന റോഡും പ്രതിഷേധക്കാരുടെ പിടിയിലായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad