Type Here to Get Search Results !

Bottom Ad

കുടുംബശ്രീകള്‍ക്ക് വായ്പയായി 176 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി ബാലന്‍

ചെറുവത്തൂർ: (www.evisionnews.co)കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും സ്‌കോളര്‍ഷിപ്പ് വിതരണവും തിമിരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിന്നാക്ക, പട്ടികജാതി പട്ടികവര്‍ഗ വികസന പാര്‍ലിമെന്ററികാര്യ നിയമവകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. നീലേശ്വരം നഗരസഭ പിലിക്കോട്, കയ്യൂര്‍-ചീമേനി, വലിയ പറമ്പ കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. 

സംസ്ഥാനത്ത് 176 സിഡിഎസുകള്‍ക്ക് 176 കോടി രൂപ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ലളിതമായ വ്യവസ്ഥയില്‍ 2.5 മുതല്‍ മൂന്നര ശതമാനം വരെ പലിശ നിരക്കിലാണ് കോര്‍പറേഷന്‍ കുടുംബശ്രീ വനിതകള്‍ക്ക് സംരംഭങ്ങള്‍ക്കായി വായ്പ നല്‍കുന്നത്. പ്രവാസി ജീവിതം ഉപേക്ഷിച്ച് മടങ്ങിവരുന്ന മലയാളികള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവാസി പുനരധിവാസ പദ്ധതിയും മുതല്‍ക്കൂട്ടാകും. മറ്റു പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളില്‍ പ്ലസ് ടുവിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. പണമില്ലാത്തതിനാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ വായ്പ നല്‍കുകയാണ്. വിദ്യാഭ്യാസ വായ്പാ ഇളവ് അനുവദിച്ചതു വഴി സംസ്ഥാന സര്‍ക്കാര്‍ 900 കോടി രൂപയുടെ ബാധ്യതയാണ് ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, കോര്‍പറേഷന്‍ ഡയറക്ടര്‍ എ.മഹേന്ദ്രന്‍ ,വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി.വി.കുഞ്ഞികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍ ആനക്കൈ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad