Type Here to Get Search Results !

Bottom Ad

കേരള നിയമസഭയില്‍ 87 ക്രിമിനലുകള്‍; 61 കോടിപതികള്‍


കൊച്ചി: കേരള നിയമസഭയിലെ 140ല്‍ 87 എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിനല്‍ കേസുകളില്‍പെട്ടത്. 2016ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മുലങ്ങളില്‍നിന്നാണു സംഘടന ഈ വിവരങ്ങള്‍ കണ്ടെത്തിയത്.
ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ചു വിചാരണ നടത്തണമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ സംഘടന പുറത്തുവിട്ടത്. 87ല്‍ 27 എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കാവുന്നവ, ജാമ്യമില്ലാ കുറ്റം, തിരഞ്ഞെടുപ്പു ക്രമക്കേട്, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയവയാണു ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെടുന്നത്. കഴിഞ്ഞ നിയമസഭയെക്കാള്‍ ഈ സഭയിലാണു ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ കൂടുതല്‍. 2011ല്‍ 67 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നത്. ആകെ നിയമസഭാംഗങ്ങളുടെ 48% വരുമത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത എംഎല്‍എമാര്‍ 2011ല്‍ 12 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 19 ശതമാനമാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എംഎല്‍എമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. 17 എംഎല്‍എമാര്‍ക്കെതിരെയാണ് ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. അഞ്ച് എംഎല്‍എമാരുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും മൂന്ന് എംഎല്‍എമാരുമായി സിപിഐ മൂന്നാം സ്ഥാനത്തുമുണ്ട്.
2011 നിയമസഭയെ വച്ചുനോക്കുമ്പോള്‍ ഈ സഭയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ചു. 35 എംഎല്‍എമാരാണ് കഴിഞ്ഞ സഭയില്‍ കോടിപതികളായിരുന്നത്. ഇത്തവണ അതു 61 ആയി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് സഭാംഗങ്ങളിലെ ഏറ്റവും ധനികന്‍. 92 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. സിപിഎമ്മില്‍ 15, ലീഗിന്റെ 14, കോണ്‍ഗ്രസിന്റെ 13 എംഎല്‍എമാരും കോടിപതികളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad