Type Here to Get Search Results !

Bottom Ad

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും വകുപ്പുതല നടപടിയുമെടുക്കാന്‍ പിണറായി വിജയന്‍


തിരുവനന്തപുരം ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതിനു വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണു നിര്‍ദേശം നല്‍കിയത്. ക്രിമിനല്‍ കേസ് കൂടാതെ വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജേക്കബ് തോമസ് പുസ്തകം രചിച്ചതു സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ 50 പേജുകളില്‍ ചട്ടവിരുദ്ധമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.

അന്വേഷണത്തിലിരിക്കുന്ന പാറ്റൂര്‍ കേസിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതു നിയമവിരുദ്ധമാണ്. ബാര്‍ കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ പരാമര്‍ശങ്ങളും നിയമപരമല്ല. കേസില്‍ അന്തിമമായ തീരുമാനം ഉണ്ടായിട്ടില്ലെന്നിരിക്കെയാണു ബാബുവിനെയും മറ്റുള്ളവരെയും പുസ്തകത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. ലോകായുക്ത ഫയല്‍ പൂഴ്ത്തിയെന്ന പരാമര്‍ശം അനുചിതമാണ്. ത്വരിതാന്വേഷണം നടന്നുകൊണ്ടിരിക്കുന്നതും തെളിവുകള്‍ ലഭ്യമല്ലാത്തതുമായ വിജിലന്‍സ് കേസുകളില്‍ വിധിന്യായം പോലുള്ള വീശദീകരണമാണു പുസ്തകത്തില്‍ നല്‍കിയിരിക്കുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ 2016 നവംബറിലാണു ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതി തേടിയത്. എന്നാല്‍ രണ്ടുവട്ടം അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ കത്തു നല്‍കിയിട്ടും പുസ്തകം പ്രകാശനം ചെയ്യുന്നതുവരെ അതിന്റെ പകര്‍പ്പ് അദ്ദേഹം ഹാജരാക്കിയില്ല. വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടപ്പോഴാണു കഴിഞ്ഞ മേയില്‍ പുസ്തകപ്രകാശനം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുമെന്നായിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി. അനുമതിയില്ലാതെയാണു രചനയെന്നു നളിനി നെറ്റോ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad