Type Here to Get Search Results !

Bottom Ad

ഹാദിയ കോയമ്പത്തൂരിലേക്കു പുറപ്പെട്ടു; സേലത്തെ കോളജില്‍ റോഡു മാര്‍ഗം എത്തിക്കും


ന്യൂഡല്‍ഹി : (www.evisionnews.co) പഠനം തുടരാന്‍ സുപ്രീം കോടതി അനുവദിച്ചതിനെത്തുടര്‍ന്ന് ഹാദിയ സേലത്തേക്കു പുറപ്പെട്ടു. രാവിലെ പതിനൊന്നോടെ ഹാദിയയുമായി പൊലീസ് സംഘം കേരള ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. 1.20ന്റെ ഇന്‍ഡിഗോ വിമാനത്തിലാണ് കോയമ്പത്തൂരിലേക്കുള്ള യാത്ര. അവിടെനിന്നു റോഡ് മാര്‍ഗമാണ് സേലത്തെ കോളജില്‍ എത്തിക്കുക. ഹാദിയയെ സേലത്ത് എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവു പാലിക്കണമെന്നും നടപടികള്‍ വൈകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു. അതേസമയം, ഹാദിയയുടെ മാതാപിതാക്കള്‍ 2.35നുള്ള വിമാനത്തില്‍ കൊച്ചിക്കു തിരിക്കും.
അതിനിടെ, സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. ഹോസ്റ്റലില്‍പോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷെഫിന്‍ ജഹാന്റെ പ്രതികരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad