Type Here to Get Search Results !

Bottom Ad

ബിന്‍ലാദന്‍ ഇന്ത്യയെ പിന്തുടര്‍ന്നിരുന്നു; 4.7 ലക്ഷം രേഖകള്‍ സിഐഎ പുറത്തുവിട്ടു


വാഷിങ്ടന്‍ : (www.evisionnews.co) കശ്മീരിലെ സംഘര്‍ഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും ഉസാമ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. യുഎസ് രഹസ്യന്വേഷണ ഏജന്‍സി സിഐഎ പുറത്തുവിട്ട രേഖകളിലാണ് അല്‍ ഖായിദ സ്ഥാപകന്‍ ലാദന്റെ ഇന്ത്യന്‍ 'താല്‍പര്യങ്ങള്‍' വെളിപ്പെട്ടത്.

2011 മേയില്‍ പാക്കിസ്ഥാനിലെ ആബട്ടാബാദില്‍ യുഎസ് നേവി സൈനിക ഓപ്പറേഷനില്‍ വധിച്ച ഉസാമ ബിന്‍ ലാദനെ സംബന്ധിച്ച 4.7 ലക്ഷം രഹസ്യരേഖകളാണ് സിഐഎ പുറത്തുവിട്ടത്. ലാദന്റെ മകന്റെ കല്യാണ വിഡിയോ, ഡയറികള്‍, ശബ്ദ, ദൃശ്യ ഫയലുകള്‍ തുടങ്ങിയവയാണ് രേഖകളിലുള്ളത്. ഇതിലാണ് ലാദന്‍ ഇന്ത്യയെ പിന്തുടരുന്നതിന്റെ വിശദാംശങ്ങളുള്ളത്.

കശ്മീരിലെ സംഘര്‍ഷങ്ങളും മുംബൈ ഭീകരാക്രമണത്തിന്റെ വിവരങ്ങളുമാണ് രേഖകളിലുള്ളത്. 26\11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലാദന്‍ ശ്രദ്ധിച്ചിരുന്നു. അമേരിക്കയില്‍ ജയിലിലാണ് ഹെഡ്‌ലി. ഇയാളുടെ വിചാരണ നടപടികളുടെ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പ്രമുഖ ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ ലാദന്റെ ഒളിയിടത്തില്‍നിന്നു കണ്ടെടുത്തു. ലാദന്റെ കംപ്യൂട്ടറിലും ഹെഡ്‌ലിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും വാര്‍ത്തകളും സൂക്ഷിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു പുറമേ യുകെ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പുകളും ലാദന്‍ സൂക്ഷിച്ചിരുന്നു. റിപ്പോര്‍ട്ടുകളിലെ ചില ഭാഗങ്ങള്‍ അടിവരയിട്ട് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. കശ്മീരുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇതുപോലെ കൃത്യമായി പിന്തുടര്‍ന്നിരുന്നതായി സിഐഎ രേഖകള്‍ വ്യക്തമാക്കുന്നു.

സിഐഎ രേഖകളില്‍ എന്താണ് ?

ഭീകരരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അമേരിക്കക്കാര്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചയ്ക്കു വേണ്ടിയാണ് 4.7 ലക്ഷം രഹസ്യരേഖകള്‍ പുറത്തുവിടുന്നതെന്നു സിഐഎ ഡയറക്ടര്‍ മൈക് പോംപിയോ പറഞ്ഞു. 2011ല്‍ ആബട്ടാബാദിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും തെളിവുകളുമാണിത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് രേഖകള്‍ പരസ്യമാക്കിയത്.

പകര്‍പ്പവകാശമുള്ള 'ദ് സ്റ്റോറി ഓഫ് ഇന്ത്യ' ഉള്‍പ്പെടെ രണ്ടു ജോടി വിഡിയോകളും രേഖകളിലുണ്ട്. ലാദന്റെ വ്യക്തിപരമായ ഡയറികള്‍, പൊതു പ്രസംഗങ്ങള്‍, അല്‍ ഖായിദയുടെ വിവിധ ചടങ്ങുകള്‍ അടങ്ങിയ 18,000 ഡോക്യുമെന്റുകള്‍, 79,000 ശബ്ദ, ദൃശ്യ ഫയലുകള്‍ എന്നിവ ഇക്കുട്ടത്തിലുണ്ട്. 9\11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ വാര്‍ഷികം അനുസ്മരിക്കാനും പശ്ചാത്യമാധ്യമങ്ങളിലൂടെ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും ശ്രമിച്ചതായും സിഐഎ പറയുന്നു. എന്നാല്‍, അതീവ രഹസ്യവിവരങ്ങളടങ്ങിയ ചില രേഖകള്‍ ഇപ്പോഴും പരസ്യമാക്കിയിട്ടില്ല

Post a Comment

0 Comments

Top Post Ad

Below Post Ad