Type Here to Get Search Results !

Bottom Ad

അതിവേഗ റെയിൽപാത; പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം


തിരുവനന്തപുരം:(www.evisionnews.co) കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി നടപടികൾ പുരോഗമിക്കുന്നതിനിടെ അതിവേഗപാതയ്ക്കായി സർവേ നടത്തേണ്ടതില്ലെന്നാണു സർക്കാർ നിർദേശം. ഇതോടെ പദ്ധതി നീളുമെന്നുറപ്പായി.


പദ്ധതി സംബന്ധിച്ച കരട് റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡിഎംആർസി) 2016ൽ സർക്കാരിനു സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ മാറ്റങ്ങൾ വേണ്ടതിനാൽ കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ഒരു സ്വകാര്യ കമ്പനിയെ പഠനത്തിനായി ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനം നടക്കുന്നതിനിടെയാണു സർക്കാർ നിർദേശം ലഭിച്ചത്.


തിരുവനന്തപുരം മുതൽ കണ്ണൂർവരെ നീളുന്ന അതിവേഗ റെയിൽ പദ്ധതിക്കായി 2011ലാണ് സർക്കാർ അതിവേഗ റെയിൽ കോർപ്പറേഷൻ രൂപീകരിക്കുന്നത്. മുൻ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണനായിരുന്നു ചുമതല. ഇപ്പോഴും വാടക കെട്ടിടത്തിലാണു കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. മാസവാടക രണ്ടുലക്ഷത്തിനടുത്താണ്. ഒരു മാസത്തെ പ്രവർത്തനത്തിനുള്ള ചെലവ് ആറു ലക്ഷംരൂപ. പഠനങ്ങൾക്കായുള്ള ചെലവു വേറെ. ഇതുവരെ ഒരു കോടി ഇരുപതു ലക്ഷം രൂപയോളം വാടക ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്. പ്രവർത്തനചെലവ് അഞ്ചുകോടി. നാലു ജീവനക്കാരാണ് ഇപ്പോഴുള്ളത്.

സർവേ നടപടികൾ ഇപ്പോൾ വേണ്ടെന്നും കാത്തിരിക്കാനുമാണു സർക്കാർ നൽകിയിരിക്കുന്ന നിർദേശം’– അതിവേഗ റെയിൽ കോർപ്പറേഷൻ അധികൃതർ മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘കേരളത്തിന് ഈ പദ്ധതി ആവശ്യമാണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു അവർ കൂട്ടിച്ചേർക്കുന്നു.

തിരുവനന്തപുരം കൊച്ചുവേളി മുതൽ കണ്ണൂർവരെ 430 കിലോമീറ്റർ നീളുന്ന പദ്ധതിക്ക് 1,27,849 കോടിരൂപ ചെലവുവരുമെന്നാണു കണക്കാക്കപ്പെടുന്നത്. പദ്ധതി മംഗലാപുരം വരെ നീട്ടാനും ആലോചനയുണ്ടായിരുന്നു. 1155.57 ഹെക്ടർ സ്വകാര്യ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുമെന്നാണു പഠനം. 3,868 കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കേണ്ടിവരും. നിലവിലുള്ള പാതയ്ക്കു സമാന്തരമായി ഭൂമിക്കടിയിലൂടെയും മേൽപ്പാലങ്ങളിലൂടെയുമാണു പാത വിഭാവനം ചെയ്തിരിക്കുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad