കാസര്‍കോട്:(www.evisionnews.co)കാസര്‍കോട് വികസനപാക്കേജില്‍ എന്‍ഡോസള്‍ഫാന്‍ നബാര്‍ഡ് -ആര്‍ഐഡിഎഫ് പദ്ധതി്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ എന്നിവയുടെ പദ്ധതി നിര്‍വ്വഹണം യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ ജില്ലയുടെ പൊതുവായ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന എംപി, എംഎല്‍എ മാരുടെയും ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍, തൊഴിലാളി സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, ഗവേഷണ കേന്ദ്രം പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഇത് ചൂണ്ടിക്കാട്ടിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പിബി അബ്ദുള്‍ റസാഖ്, എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ വികസന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും 30 വര്‍ഷമായി ഉപ്പുവെളളം കലര്‍ന്ന് കുടിവെളളപ്രശ്‌നം നേരിടുന്ന ബാവിക്കര കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടത് അടിയന്തര ആവശ്യമാണ്. മുന്‍ ചീഫ് സെക്രട്ടറി പ്രഭാകരന്‍ കമ്മീഷന്‍ സംസ്ഥാനത്തെ മറ്റുജില്ലകളോടൊപ്പം വികസനത്തില്‍ കാസര്‍കോടും എത്തിച്ചേരുന്നതിന് ശുപാര്‍ശ ചെയ്ത 12,000 കോടി രൂപയുടെ പദ്ധതികളില്‍ വളരെ കുറച്ചെണ്ണം മാത്രമാണ് ആരംഭിക്കാനായത്. ഈ തുക മുഴുവനായി ലഭിച്ചാല്‍ പോലും പദ്ധതികള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ജില്ലയിലുളളതെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലെ പാളിച്ചകളല്ല നിര്‍വഹണത്തിലെ കാലതാമസമാണ് പ്രധാനപ്രശ്‌നം.
സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമം നേരിടുന്നതിന് ചീമേനി താപനിലയം യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം. ജില്ലയില്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം പ്രധാന പ്രശ്‌നമാണ്. നിര്‍വ്വഹണ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും മുടങ്ങുകയാണ്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ആശുപത്രികെട്ടിട നിര്‍മ്മാണം സാങ്കേതിക കുരുക്കിലായത് പരിഹരിച്ചിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ തന്നെ ജില്ലയുടെ വികസനം സാധ്യമാകും. അടിസ്ഥാന സൗകര്യവികസനം, മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങള്‍ എന്നിവയ്ക്കും ജില്ലാ പദ്ധതിയില്‍ പ്രധാന പരിഗണന നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. മനോഭാവം മാറാതെ ജില്ലയുടെ വികസനം സാധ്യമാകില്ലെന്ന് പിബി അബ്ദുള്‍ റസാഖ് എംഎല്‍എ അഭിപ്രായപ്പെട്ടു. വ്യവസായ സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കുന്നതിന് പദ്ധതികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി തനതായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അഭിപ്രായപ്പെട്ടു. 15 വര്‍ഷത്തെ ജില്ലയുടെ പൊതുവായ വികസനത്തിന് ഉപകരിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ ആമുഖപ്രഭാഷണം നടത്തി. അടുത്ത വര്‍ഷം മുതല്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ജില്ലാപദ്ധതി മാര്‍ഗദര്‍ശകമാകണമെന്ന് അദ്ദേഹം പറഞ്ഞു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ലീഡ് ബാങ്ക് മാനേജര്‍ എം സി രമണന്‍, നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ്, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാപ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍ ചര്‍ച്ച ക്രോഡീകരിച്ചു സംസാരിച്ചു. നവംബര്‍ 10 ന് ജില്ലാ പദ്ധതിയുടെ ഉപസമിതികളുടെ കരട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.
Post a Comment
0 Comments