കാസര്‍കോട്: (www.evisionnews.co)ഖാസി സി എം അബ്‌ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവര ശേഖരണം തുടങ്ങി. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട, നേരത്തെ നീലേശ്വരത്ത് താമസക്കാരനും ആദൂര്‍, പരപ്പ സ്വദേശിയുമായ ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം ഇന്റലിജന്‍സ് വിഭാഗം ആരംഭിച്ചു.നേരത്തെ മേല്‍പറമ്പുമായി അടുത്തബന്ധം ഉള്ള ആളാണ് ഫോണ്‍ സംഭാഷണം നടത്തിയ പരപ്പ സ്വദേശി. ഇയാള്‍ കല്യാണം കഴിച്ചത് നീലേശ്വരത്തു നിന്നാണ്. അതിനുശേഷം ഭാര്യാവീട്ടില്‍ താമസിച്ചു നീലേശ്വരം, മാര്‍ക്കറ്റ് ജംഗ്‌ഷന്‍ കേന്ദ്രീകരിച്ച് ഓട്ടോ ഓടിച്ചു വരുന്നതിനിടയിലാണ് ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടവരെന്നു സംശയിക്കുന്ന രണ്ടുപേരുമായുള്ള ബന്ധം തുടങ്ങുന്നത്. ഏഴോളം തവണ നീലേശ്വരത്ത് ട്രെയിനിറങ്ങിയ ഇവരെ കോട്ടപ്പുറത്തെ വീട്ടിലേയ്‌ക്കും അവിടെ നിന്നു ദേശീയപാതയോരത്തെ മദ്യശാലയിലേയ്‌ക്കും, രാത്രിയോടെ ചെമ്പിരിക്കയിലും എത്തിച്ചിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവറായ പരപ്പ സ്വദേശി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏഴാമത്തെ തവണ ഇരുവരും തന്റെ ഓട്ടോയില്‍ നീലേശ്വരത്തേയ്‌ക്ക് മടങ്ങിയിരുന്നില്ലെന്നും അതിനു പിറ്റേന്നാണ് ഖാസിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ സംഭാഷണത്തിലെ പല പരാമര്‍ശങ്ങളും കോളിളക്കം സൃഷ്‌ടിച്ച ഖാസി കേസില്‍ നിര്‍ണ്ണായകമാണ്. ഇതിന്റെ ആധികാരികത പരിശോധിച്ചുവരികയാണ് രഹസ്യാന്വേഷണ ഏജന്‍സി.2015 ഫെബ്രുവരി 15ന് ആണ് സമാദരണീയനായ സി എം അബ്‌ദുല്ല മൗലവിയെ ചെമ്പിരിക്ക, കടുക്കക്കല്ല് കടലില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
Post a Comment
0 Comments