Type Here to Get Search Results !

Bottom Ad

യു.എ.ഇ.യിലെ വ്യവസായികള്‍ ഇന്ത്യയില്‍ 6500 കോടി രൂപ നിക്ഷേപിക്കും


ദുബായ്: (www.evisionnews.co) യു.എ.ഇ.യിലെ വ്യവസായികള്‍ ഇന്ത്യയിലെ അടിസ്ഥാനസൗകര്യ മേഖലയിലുള്‍പ്പെടെ നൂറുകോടി ഡോളര്‍ (ഏതാണ്ട് 6500 കോടി രൂപ) നിക്ഷേപിക്കും. ചൊവ്വാഴ്ച ദുബായില്‍ ആരംഭിച്ച രണ്ടുദിവസത്തെ ഇന്ത്യാ-യു.എ.ഇ. പങ്കാളിത്ത ഉച്ചകോടിയിലായിരുന്നു ഈ പ്രഖ്യാപനം. യു.എ.ഇ. ആസ്ഥാനമായി രൂപം കൊണ്ട ബിസിനസ് ലീഡേഴ്സ് ഫോറ(ബി.എല്‍.എഫ്.)മായിരിക്കും നിക്ഷേപങ്ങള്‍ സമാഹരിച്ച് ഇന്ത്യയിലെത്തിക്കുന്നത്. യു.എ.ഇ. ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂറി, യു.എ.ഇ. അടിസ്ഥാനസൗകര്യ വികസനമന്ത്രി അബ്ദുള്ള അല്‍ നുഐമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 

യു.എ.ഇ.യിലെ പ്രമുഖരായ എണ്ണൂറോളം വ്യവസായികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. തെലങ്കാന, ഉത്തര്‍പ്രദേശ്, മണിപ്പുര്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാരും ഉച്ചകോടിക്കെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍പ്രതിനിധിയായി വാണിജ്യമന്ത്രാലയ ജോയന്റ് സെക്രട്ടറി ശൈലേന്ദ്ര സിങ്ങും പങ്കെടുക്കുന്നുണ്ട്. 

ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 7500 കോടി ഡോളര്‍ (ഏതാണ്ട് അഞ്ചുലക്ഷംകോടി രൂപ) നിക്ഷേപം നടത്താമെന്ന യു.എ.ഇ. സര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ ഭാഗമായാണീ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദര്‍ശനസമയത്ത് നടത്തിയ സംയുക്തപ്രഖ്യാപനത്തിലായിരുന്നു യു.എ.ഇ.യുടെ ഈ വാഗ്ദാനം.

വ്യവസായികളില്‍നിന്ന് ഇത്രയും വലിയ പ്രഖ്യാപനം ഉണ്ടാവുന്നത് ഇതാദ്യമായാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അഭിപ്രായപ്പെട്ടു. ഉച്ചകോടികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുമപ്പുറം പ്രവൃത്തിയിലാണ് ബി.എല്‍.എഫ്. വിശ്വസിക്കുന്നതെന്ന് ഫോറം പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, എന്‍.എം.സി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി, യു.എ.ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് സുധീര്‍കുമാര്‍ ഷെട്ടി, ഐ.ടി.എല്‍. കോസ്മോസ് ചെയര്‍മാന്‍ റാം ബുക്സാനി, ബി.എല്‍.എഫ്. സെക്രട്ടറി ജനറല്‍ ശ്രീപ്രിയാ കുമാരിയ, സംഘാടകസമിതി ചെയര്‍മാന്‍ സുദേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad