കാസര്‍കോട് (www.evisionnews.co): ദേശീയപാത വികസനത്തില്‍ നഷ്ടം സംഭവിക്കുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടും നവംബര്‍ ഒന്നിന് നടത്തുന്ന കടയടപ്പ് സമരത്തിന്റെയും സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും പ്രചാരണാര്‍ത്ഥവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ നയിക്കുന്ന വാഹന പ്രചാരണ ജാഥ 28ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുമെന്ന് ഏകോപന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണിക്ക് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ കെ. അഹമ്മദ് ഷരീഫ് അധ്യക്ഷത വഹിക്കും. ഉപ്പള, കുമ്പള, കാസര്‍കോട്, പൊയിനാച്ചി, പെരിയ, മാവുങ്കാല്‍, നീലേശ്വരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കാസര്‍കോട് നടക്കുന്ന സ്വീകരണ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാപന യോഗം ചെറുവത്തൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, എ.കെ മൊയ്തീന്‍ കുഞ്ഞി, ടി.എ ഇല്യാസ്, ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര സംബന്ധിച്ചു.
Keywords: Kasaragod, news, vyapari, ekopana-samithi-jadha28
Post a Comment
0 Comments