Type Here to Get Search Results !

Bottom Ad

യുവജനകമ്മീഷന് മുന്നിൽ പരാതികളുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുതല്‍ ഭിന്നലിംഗക്കാര്‍ വരെ

കാസർകോട്:(www.evisionnews.co) സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച അദാലത്തില്‍ വിവിധ മേഖലകളില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, അംഗം കെ മണികണ്ഠന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. സിറ്റിംഗില്‍ 15 പരാതികള്‍ ലഭിച്ചു. മൂന്നെണ്ണം തീര്‍പ്പ് കല്പിച്ചു. ജില്ലയിലെ ഭിന്നലിംഗക്കാര്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് “ക്ഷേമ” ജില്ലാ സെക്രട്ടറി ഇഷ കിഷോര്‍ പരാതി സമര്‍പ്പിച്ചു. ഭിന്നലിംഗക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന വിക്‌ടോറിയ മഹോത്സവത്തിന് പൊതു ഇടം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭിന്നലിംഗക്കാര്‍ക്ക് ഒന്നിച്ചു കൂടുന്നതിനും ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ജില്ലയില്‍ പൊതു ഇടം ആവശ്യമാണ്. വിവിധസര്‍ക്കാര്‍ വകുപ്പുകള്‍ ഭിന്നലിംഗകാര്‍ക്കായി പദ്ധതികളാവിഷ്‌ക്കരിക്കണം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. രോഗിയായ മകനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത്് സ്വദേശിയായ രാജന്‍-പാര്‍വ്വതി ദമ്പതികള്‍ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി. ജന്മനാ കിടപ്പിലായ മൂന്നു വയസ്സുളള മകന്‍ ശ്രീരാജുമായാണ് പരാതി നല്‍കാനെത്തിയത്. 

സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതായും പി എസ് സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം വൈകുന്നതായും കമ്മീഷന് പരാതി ലഭിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരു വര്‍ഷത്തോളമായി നിയമനം നടത്തിയില്ലെന്നാണ് പരാതി. ജില്ലയില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് മികച്ച തൊഴില്‍ സംരംഭങ്ങളോ ഫാക്ടറികളോ ഇല്ലെന്നും തൊഴലില്ലായ്മ യുവാക്കളുള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായും ബദിയടുക്കയിലെ ആസിഫ് അലി നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാസര്‍കോട് നഗരത്തിലെ അടച്ചുപൂട്ടിയ അസ്ട്രാള്‍ വാച്ച് കമ്പനിയുടെ സ്ഥലം വ്യവസായ സംരംഭങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. റവന്യൂ, പോലീസ് വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ പരാതികളും കമ്മീഷന് ലഭിച്ചു. ഈ വര്‍ഷം ഒരിക്കല്‍ കൂടി കാസര്‍കോട് ജില്ലയില്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം പറഞ്ഞു. 

14 ജില്ലകളിലും അദാലത്ത് നടത്തുന്നതിന്റെ ഭാഗമായാണ് നാലാമതായി കാസര്‍കോട് ജില്ലയില്‍ അദാലത്ത് നടത്തിയത്. മൂന്ന് പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 15 പുതിയ പരാതികള്‍ ലഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് യുവജനകമ്മീഷന്‍ ഉദ്യോഗസ്ഥരായ മനോജ്, എ സീന എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad