Type Here to Get Search Results !

Bottom Ad

ഖത്തർ ജില്ലാ കെ.എം.സി.സി ടി.ഉബൈദ് സ്മാരക പുരസ്കാരം റഹ് മാൻ തായലങ്ങാടിക്കും ഗംഗാധരൻ കൊവ്വലിനും

കാസർകോട്:(www.evisionnews.co) സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ- ജീവ കരുണ്യ - സേവന രംഗത്ത് മികവ് തെളിയിക്കുകയും നാടിന് മാതൃകയായി ജീവിക്കുകയും ചെയ്യുന്നവർക്ക് ഖത്തർ - കാസർകോട് ജില്ലാ കെ.എം.സി.സി നൽകിവരുന്ന ടി.ഉബൈദ് സ്മാരക പുരസ്കാരത്തിന് മുതിർന്ന മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ റഹ് മാൻ തായലങ്ങാടിയെയും ജീവകാരുണ്യ പ്രവർത്തനത്തിന് തന്റെതായ രൂപം നൽകിയ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ജീവനക്കാരൻ ഗംഗാധരൻ കൊവ്വലിനെയും തിരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഖത്തർ - കേരള സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട് എസ്.എ. എം ബഷീർ, സംസ്ഥാന ഉദേശക സമിതി വൈസ് ചെയർമാൻ എം.പി.ഷാഫി ഹാജി, ജില്ലാ പ്രസിഡണ്ട് എം. ലുക്മാനുൽ ഹകീം, ജനറൽ സെക്രട്ടറി സാദിഖ് പാക്യാര, എം.ടി.പി മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂർ, എം.ബി.ബഷീർ, മഹമൂദ് മുട്ടം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 
ഉത്തര മലബാറിന്റെ സാംസ്കാരിക രംഗം പ്രോജ്വലിപ്പിക്കുന്നതിലും എഴുത്തിലും ഭാഷണത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും കാട്ടിയ മികവ് പരിഗണിച്ചാണ് റഹ് മാൻ തായലങ്ങാടിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
മികച്ച പത്ര പ്രവർത്തകൻ, സാഹിത്യകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ റഹ് മാൻ തായലങ്ങാടി സി.എച്ചിന്റെ സഞ്ചാര സാഹിത്യ ലോകം, പത്രക്കാർക്കെന്താ കൊമ്പുണ്ടോ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കോളമിസ്റ്റ് ആയും ,അല്ലാതെയും നിരന്തരം എഴുതുന്ന റഹ് മാൻ തായലങ്ങാടി എഴുത്തിന്റെ കാര്യത്തിൽ തന്റെതായ പ്രത്യേക ശൈലിക്ക് ഉടമയാണ്.
ആത്മാർത്ഥമായ സേവനത്തിലൂടെ മുഴുവൻ സർക്കാർ ജീവനക്കാർക്കും മാതൃകയായ ഗംഗാധരൻ കൊവ്വൽ മരണത്തിൽ നിന്നും തിരിച്ചു അത്ഭുതകരമായി തിരിച്ചു വന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജന സേവകനാണ്. 
തനിക്കു ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും മിച്ചം വെച്ച് തന്റെ കുടുംബത്തിനു വേണ്ടി ഒന്നും സമ്പാദിക്കാതെ ,സർക്കാർ ആസ്പത്രിയിലെത്തുന്ന രോഗികൾക്ക് മരുന്നും കൂടെ വരുന്നവർക്ക് ഭക്ഷണവും നൽകി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാവുകയാണ് ഗംഗാധരൻ.
ഖത്തർ കാസർകോട് ജില്ലാ കെ.എം.സി.സി ടി. ഉബൈദിന്റെ പേരിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് മുൻ വർഷങ്ങളിൽ മാപ്പിള കവി എ .എം കൽപ്പറ്റ, ഡോ. എം. ഡി ബല്ലാൾ, സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഇബ്രാഹിം ബേവിഞ്ച, എ.ജി.സി ബഷീർ എന്നിവർക്ക് ലഭിച്ചിരുന്നു.
ഡിസംബറിൽ കാസർകോട്ട് നടക്കുന്ന ചടങ്ങിൽ റഹ് മാൻ തായലങ്ങാടിക്കും ഗംഗാധരൻ കൊവ്വലിനും തുകയും ഫലകവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.ചടങ്ങിൽ മുസ് ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും സംസ്ഥാന - ജില്ലാ നേതാക്കളും സാംസ്കാരിക പ്രവർത്തരും സംബന്ധിക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എസ്.എ എം.ബഷീർ, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി ഷാഫി ഹാജി, ജില്ലാ പ്രസിഡണ്ട് എം.ലുക്മാനുൽ ഹകീം, ജനറൽ സെക്രട്ടറി സാദിഖ് പാക്യാര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad