Type Here to Get Search Results !

Bottom Ad

ചൈനയില്‍ പോകാന്‍ അനുമതിയില്ല; പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്ന് കടകംപള്ളി


തിരുവനന്തപുരം: (www.evisionnews.co)  സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു.

കടകംപള്ളിക്കു യാത്രാനുമതി നിഷേധിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധവശങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.അതേസമയം, യാത്രാ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തെ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. ഇത്തരം നടപടികള്‍ നാടിനു ഗുണം ചെയ്യില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ 22ാം ജനറല്‍ അസംബ്ലിയാണ് ചൈനയില്‍ 11 മുതല്‍ 16 വരെ നടക്കുന്നത്. ഇതില്‍ രാജ്യത്തുനിന്ന് പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക മന്ത്രി കടകംപള്ളിയാണ്. മറ്റുള്ളവര്‍ കേന്ദ്രത്തില്‍നിന്നും കേരളത്തില്‍നിന്നുമുള്ള ഉദ്യോഗസ്ഥരാണ്.  ഉദ്യോഗസ്ഥരുണ്ട്. കേരളത്തില്‍നിന്ന് മന്ത്രിയെ കൂടാതെ രണ്ടുപേര്‍ക്കു കൂടി ക്ഷണം ഉണ്ടായിരുന്നു.കഴിഞ്ഞ ജൂണ്‍ 9നാണ് ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ സെക്രട്ടറി ജനറലിന്റെ ഓഫിസില്‍നിന്ന് മന്ത്രിയുടെ ഓഫിസില്‍ ക്ഷണം ലഭിച്ചത്. മന്ത്രിക്ക് ഒരു സംവാദ പരിപാടിയും ഉണ്ടെന്നു അറിയിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റില്‍ യാത്രാനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കി. വ്യാഴാഴ്ചയാണ് അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിച്ചത്.

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെയാണ് ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈന സന്ദര്‍ശിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad