Type Here to Get Search Results !

Bottom Ad

ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ പരിമിതികളും, പരാധീനതകളും നിയമസഭാസമിതിക്കു മുന്നില്‍

കാസർകോട്:(www.evisionnews.co) മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നിയമസഭാസമിതി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ജില്ലയിലെ മത്സ്യബന്ധനതുറമുഖങ്ങളുടെ പരാധീനതകള്‍ തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ചു.കാസര്‍കോട് തുറമുഖം ഉപയോഗയോഗ്യമാക്കണമെന്നും ചെറുവത്തൂര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. 

സമിതി ചെയര്‍മാന്‍ സി കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന നിയമസഭാസമിതിയുടെ സിറ്റിംഗില്‍ എം നൗഷാദ്, സി കെ നാണു, എന്‍ എ നെല്ലിക്കുന്ന് എന്നീ അംഗങ്ങളും കെ കുഞ്ഞിരാമന്‍ എം എല്‍ എ യും പങ്കെടുത്തു. ഇരുപത് പുതിയ പരാതികള്‍ സമിതിക്ക് ലഭിച്ചു. നേരത്തെ ലഭിച്ച 18 പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ വിശദീകരണം തേടി തീര്‍പ്പാക്കി. നിയമസഭാസമിതിക്കു മുമ്പാകെ ലഭിച്ച പരാതികളില്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുണ്ടെന്ന് സമിതി വിലയിരുത്തി. മത്സ്യബന്ധന തുറമുഖങ്ങളുടെ പരാധീനതകളും പരിമിതികളും തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ചു. പുലിമുട്ടുകള്‍ക്ക് സമീപം മണല്‍ത്തിട്ട രൂപപ്പെട്ട് വളളങ്ങള്‍ അപകടത്തിലാകുന്നത് പതിവാകുന്നുവെന്നാണ് പരാതി. 

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധിയില്‍ തലച്ചുമടായി മത്സ്യം ചുമന്ന് വില്‍പ്പന നടത്തുന്ന സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമിതിക്ക് മുമ്പാകെ പരാതി ലഭിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പ്രത്യേകം ക്ഷേമനിധി ബോര്‍ഡുകളാണ് നിലവിലുളളത്. പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലെ അനുബന്ധ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ പരിമിതമായി മാത്രമാണ് ലഭിക്കുന്നത്. ഈ വിഷയം പരിഗണിക്കുന്നതിന് സമിതി നിര്‍ദ്ദേശം നല്‍കി .

മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എഴുതി തളളാന്‍ ഉത്തരവിട്ട വായ്പകള്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം കൈമാറാത്തതിനാല്‍ നടപ്പിലാകുന്നില്ലെന്നും തൊഴിലാളികളിലേറെയും കടക്കെണിയിലാണെന്നും പരാതിപ്പെട്ടു. 

മഞ്ചേശ്വരം ഹൊസബെട്ടുവിലെ 14 മീന്‍പിടുത്ത കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ നാലു കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുകയും 10 കുടുംബങ്ങള്‍ പുഴ പുറംപോക്കിലായതിനാല്‍ പട്ടയം അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈഫ് പദ്ധതിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് മത്സ്യത്തൊഴിലാളി കുടുംബളെ പാര്‍പ്പിക്കും. മത്സ്യഫെഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കണമെന്നും പ ആവശ്യപ്പെട്ടു. സംയോജിത മത്സ്യവികസന പദ്ധതിയില്‍ മൂന്നു വര്‍ഷത്തേക്ക് രണ്ട് ശതമാനം സബ്‌സിഡി നിരക്കില്‍ 11.75 ശതമാനം പലിശയ്ക്ക് വായ്പ നല്‍കി വരുന്നതായി മത്സ്യഫെഡ് അധികൃതര്‍ അറിയിച്ചു. അനര്‍ഹരായ മീന്‍പിടുത്തക്കാരെ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ഒഴിവാക്കണം. 

കുറുംബ ഭഗവതി ക്ഷേത്രം, അരയ സമാജം കരയോഗം നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. നെല്ലിക്കുന്ന്, ചേരങ്കൈ, കുറുംബ ക്ഷേത്രം എന്നിവിടങ്ങളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 

കോട്ടിക്കുളം ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കണമെന്നും സമിതിയോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ പഠനത്തിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചിട്ടില്ല. കോട്ടിക്കുളത്ത് തണല്‍പന്തല്‍ നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് നാലു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. 

ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ്, നിയമസഭാ ജോയിന്റ് സെക്രട്ടറി ആര്‍ സജീവന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad