കാസര്‍കോട് (www.evisionnews.co): പുഴയില്‍വീണ് മരിച്ച പിഞ്ചുമോന്‍ ഷഅ്ബാന്റെ മയ്യിത്ത് തിങ്കളാഴ്ച വൈകിട്ടോടെ ചേരൂര്‍ കോട്ട മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. രാവിലെ പതിനൊന്നര മണിയോടെ തളങ്കര കടവില്‍ കണ്ടെത്തിയ മയ്യിത്ത് ചേരൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാടൊന്നാകെ വിങ്ങിപ്പൊട്ടി. ഏക മകന്റെ മരണം താങ്ങാനാവാതെ വിങ്ങിപ്പൊട്ടുന്ന കബീറിന്റെയും റുഖ്‌സാനയുടെയും മുന്നില്‍ ആശ്വാസവാക്കുകളില്ലാതെ നാട്ടുകാരും ബന്ധുക്കളും തളര്‍ന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസു പ്രായമുള്ള ഷഅ്ബാനെ കാണാതായത്. ഉച്ചയ്ക്ക് കബീറിന്റെ പിതാവിന്റെ ആണ്ടുനേര്‍ച്ച വീട്ടിലുണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാനായി കുടുംബക്കാരും വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. പരിസര വീടുകളിലും മറ്റും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ തളങ്കര കെകെ പുറം കടവില്‍ ഷഅ്ബാന്റെ മയ്യിത്ത് കണ്ടെത്തിയത്. നാലു വര്‍ഷം മുമ്പാണ് കബീറും ഏരിയപ്പാടി സ്വദേശിനിയായ റുഖ്സാനയും വിവാഹിതരായത്. ആഴ്ചകള്‍ക്ക് മുമ്പ് ചേരൂര്‍ പുഴയോരത്ത് തുണി കഴുകുകയായിരുന്ന യുവതി പുഴയില്‍ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു.
Post a Comment
0 Comments