Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഹാര്‍ബറിന്റെ ബ്രേക്ക് വാട്ടര്‍ നീളം ആയിരം മീറ്ററാക്കുവാന്‍ ശുപാർശ

കാസര്‍കോട്:(www.evisionnews.co)  കാസര്‍കോട് ഫിഷിംഗ് ഹാര്‍ബറിനോട് അനുബന്ധിച്ചുള്ള ബ്രേക്ക് വാട്ടറിന്റെ (പുലിമുട്ടുകള്‍ പോലെ കരിങ്കല്ലുകള്‍ കൊണ്ട് കടലില്‍ നിര്‍മ്മിക്കുന്ന ഭിത്തി) നീളം ആയിരം മീറ്ററായി നീട്ടുവാന്‍ നിയമസമിതി സര്‍ക്കാരിനോട് ശുപാർശ ചെയ്യും. ബ്രേക്ക് വാട്ടറുകള്‍ക്കിടയിലുടെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കടന്നുപോകുന്ന സഞ്ചാരപാതയുടെ വീതി 80 മീറ്ററില്‍ നിന്ന് 150 മീറ്റര്‍ ക്ലിയര്‍ വീതിയാക്കുവാനും തീരുമാനിച്ചു. ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും പൂര്‍ണ്ണമായും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സമിതിയുടെ നിര്‍ദ്ദേശം. 

സി. കൃഷ്ണന്‍ ചെയര്‍മാനായ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഹാര്‍ബറും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹാര്‍ബറിനെക്കുറിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്നും പരാതികള്‍ കേട്ടു. നിലവില്‍ ഹാര്‍ബറിനായി 29.75 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇനിയും 47 കോടി രൂപയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ ഹാര്‍ബര്‍ പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുവെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ കടലിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. 

കാസര്‍കോട് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ബിരന്ത്ബയലിലെ സുനാമി കോളനി സമിതി സന്ദര്‍ശിച്ചു. 65 വീടുകളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികള്‍ സമിതി കേട്ടു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പുനല്‍കി. കടപ്പുറത്തെ ഗവ.ഫിഷറീസ് യു. പി സ്‌കൂളും സമിതി സന്ദര്‍ശിച്ചു. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തണമെന്നും കുട്ടികള്‍ക്ക് സൈക്കിള്‍ അനുവദിക്കണമെന്നും പ്രധാന അധ്യാപിക അഭ്യര്‍ഥിച്ചു. 

സമിതി ചെയര്‍മാനെ കൂടാതെ അംഗങ്ങളായ എന്‍.എ നെല്ലിക്കുന്ന്, സി.കെ നാണു, എം.നൗഷാദ്, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ കെ.പി. അരുണ്‍കുമാര്‍ ഷെട്ടി, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad