തൃക്കരിപ്പൂര്‍ (www.evisionnews.co): അവിട്ടം നാളില്‍ കവ്വായിക്കായലയില്‍ ആവേശത്തുഴച്ചിലിന്റെ ആരവമുയര്‍ത്തുന്ന മലബാര്‍ ജലോത്സവത്തിന് മുന്നോടിയായി ഇന്നലെ നഗരത്തെ ആവേശം കൊള്ളിച്ച വിളംബര ഘോഷയാത്ര നടത്തി. അഞ്ചാം തീയ്യതി ഉച്ചക്ക് ഒരുമണിയോടെയാണ് കവ്വായി കായലിലെ മെട്ടമ്മലില്‍ മലബാര്‍ ജലോത്സവം അരങ്ങേറുക. ജലോത്സവത്തിന്റെ മുന്നോടിയായി രാവിലെ 11 മണിമുതല്‍ വാട്ടര്‍ സ്‌പോര്‍ട്‌സും ഒരുക്കിയിട്ടുണ്ട്.
കാവില്യാട്ടിനും മെട്ടമ്മലിനും ഇടയിലുള്ള കവ്വായി കായലിലെ വിശാലമായ ഓളപ്പരപ്പിലാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്റെ സ്മരണക്കായുള്ള ജലമേള നടക്കുക. പുരുഷ വനിതാ ടീമുകളുടെ ആവേശ തുഴച്ചില്‍ കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന വള്ളം കളി പ്രേമികള്‍ക്ക് സൗകര്യപൂര്‍വ്വം ജലോത്സവം കാണാനുള്ള സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് നടന്ന വിളംബര ജാഥക്ക് പുലിക്കളി, മാവേലിമന്നന്‍, വനിതകളുടെ ശിങ്കാരിമേളവും നാസിക് ബാന്‍ഡും കൊഴുപ്പേകി. മെട്ടമ്മലില്‍ നിന്നും ബീരിച്ചേരി വഴി തൃക്കരിപ്പൂര്‍ ടൗണിലെത്തിയ ജാഥ വീക്ഷിക്കാനായി റോഡിന്റെ ഇരുവശത്തും ജനങ്ങള്‍ തമ്പടിച്ചിരുന്നു. ആര്‍പ്പോ ഇര്‍റോ വിളികളുമായി മഞ്ഞ പതാകയുമേന്തി മെട്ടമ്മല്‍ ബ്രതെഴ്‌സ് ക്ലബ്ബിന്റെ കളിക്കാര്‍ ജാഥക്ക് ആവേശം പകര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റു എ.ജി.സി. ബഷീര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. റീത്ത, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ സഫറുള്ള, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.വി. ഹാരിസ്, കണ്‍വീനര്‍ കെ. ഗംഗാധരന്‍, സി. ഇബ്രാഹിം, പി.കെ. ഫൈസല്‍, വി വി അബ്ദുല്ല ഹാജി,കെ.വി. അമ്പു, ടി.വി. ബാലകൃഷ്ണന്‍, പി. കുഞ്ഞമ്പു, ജുനൈദ് മെട്ടമ്മല്‍, കെ.വി. ഗോപാലന്‍, എം.കെ. കുഞ്ഞികൃഷ്ണന്‍ തുടങ്ങി നിരവധി സംഘാടക സമിതി ഭാരവാഹികളും സംഘടനാ നേതാക്കളും വിളംബര ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments