Type Here to Get Search Results !

Bottom Ad

മുരുകന്‍റെ മരണം: മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കു വീഴ്ച പറ്റിയതായി കണ്ടെത്തി

തിരുവനന്തപുരം:(www.evisionnews.co) മുരുകന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യ വകുപ്പു ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ പരിശോധിക്കാൻ നാളെ ഉന്നതതലയോഗം ചേരും.


മുരുകന്റെ ദാരുണ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണു ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അധ്യക്ഷയായ സമിതിയുടെ കണ്ടെത്തൽ. അതീവ ഗുരുതരാവസ്ഥയിൽ ഒരു രോഗിയെ കൊണ്ടുവരുമ്പോൾ ജീവൻ രക്ഷപ്പെടുത്താൻ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകളിൽ മെഡിക്കൽ കോളേജിൽ ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചുവെന്നും റിപ്പോർട്ടു കുറ്റപ്പെടുത്തുന്നു. മുരുകനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നും ‍റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിലപ്പെട്ട സമയം ആശുപത്രികളും ആംബുലൻസുകാരും തർക്കിച്ചു തീർത്തുവെന്നും ഇതു നിത്യസംഭവമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.


അടിയന്തര പ്രാധാന്യമുള്ള കേസുകളുടെ നടപടിക്രമങ്ങളിൽ എല്ലാ മെഡിക്കൽ കോളേജുകളിലും വീഴ്ച സംഭവിക്കുന്നതായും ആരോഗ്യ മന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ മെഡിക്കൽ കോളജുകളിലെയും അധികൃതർ ഉൾപ്പെടുന്ന ഉന്നതതല യോഗം നാളെ ചേരും. മുരുകനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ രണ്ടു വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുവെന്നു സൂപ്രണ്ട് സമ്മതിക്കുന്ന ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടോയെന്നു വ്യക്തമല്ല.  
Tags

Post a Comment

0 Comments

Top Post Ad

Below Post Ad