Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്


മൊഗ്രാല്‍: (www.evisionnews.co) നൂറ്റാണ്ടുകളുടെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം ഇനി കാല്‍പന്തുകളിയുടെ ആവേശം കൊണ്ട് നിറയും. ഒന്നിന് പിറകെ ഒന്നായി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബും മറ്റുവിവിധ ക്ലബ്ബുകളും സംഘടനകളും. 

നിരവധി ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ക്ക് മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം ഒരുങ്ങിക്കഴിഞ്ഞു. 

നാങ്കി അബ്ദുല്ല മാസ്റ്റര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മൊഗ്രാലില്‍ തുടക്കമായി. ജില്ലയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ മൊഗ്രാല്‍ ബ്രദേഴ്‌സിന് പുറമെ സിറ്റിസണ്‍ ഉപ്പള, മിറാക്കിള്‍ കമ്പാര്‍, കുമ്പള അക്കാദമി, മൊഗ്രാല്‍ ഫ്രണ്ട്സ് എന്നീ ടീമുകളാണ് മത്സരത്തിനുള്ളത്. നാലുമത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കുമ്പള അക്കാദമിയും ബ്രദേഴ്സ് മൊഗ്രാലും നാലു പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. സിറ്റിസണ്‍ ഉപ്പള മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ദിവസവും വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം. 

ലീഗ് ടൂര്‍ണ്ണമെന്റ് കെ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് ഹസന്‍ പെര്‍വാഡ് ഉദ്ഘാടനം ചെയ്തു. മൊഗ്രാലിന്റെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പ് മുഹമ്മദ്, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ്, എച്ച്.എ ഖാലിദ്, മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ഹമീദ് പെര്‍വാഡ്, ഖലീല്‍ നാങ്കി, എം.എല്‍ അബ്ബാസ്, റിയാസ് മൊഗ്രാല്‍, എം.എസ് സലിം, പി.വി അന്‍വര്‍ സംബന്ധിച്ചു. ദിവസവും വിശിഷ്ടാഥിതികളായി രാഷ്ട്രീയ- സാംസ്‌കാരിക- കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്നുണ്ട്. വിജയികളാകുന്ന ടീമുകള്‍ക്ക് നാങ്കി അബ്ദുള്ള മാസ്റ്റര്‍ ട്രസ്റ്റിന് പുറമെ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ യൂണിറ്റ് കമ്മിറ്റി, ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad