Type Here to Get Search Results !

Bottom Ad

ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി :(www.evisionnews.co)രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ കര്‍ശനമായി തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അക്രമം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ തലങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണം. ഹൈവെകളില്‍ പട്രോളിങ് ശക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹ്സാന്‍ പൂനേവാല ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. അക്രമങ്ങള്‍ കര്‍ശനമായി തടയേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലാതലങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അക്രമങ്ങള്‍ തടയുന്നതിനായി നോഡല്‍ ഓഫീസര്‍മാരായി ഒരാഴ്ചക്കകം നിയമിക്കണം. ഹൈവേകളില്‍ പട്രോളിംഗ് ശക്തമാക്കണം. സംസ്ഥാന തലങ്ങളില്‍ ചീഫ് സെക്രട്ടറിമാരാകണം കാര്യങ്ങള്‍ വിലയിരുത്തേണ്ടത്. 

അക്രമങ്ങള്‍ തടയാന്‍ എടുത്ത നടപടി സംബന്ധിച്ച് ഡി.ജി.പി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിമാര്‍ സുപ്രീം കോടതിയില്‍ സത്യവാംങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഗോ രക്ഷയുടെ പേരിലുള്ള അധിക്രമങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയുടെ 256-ാം അനുഛേദ പ്രകാരം നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 
ഗോ രക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെടുമ്പോള്‍, പശുക്കളെ ഒരാഴ്ച മുമ്പ് കൂട്ടത്തോടെ കൊന്ന സംഭവവും ഗൗരവത്തോടെ കാണണമെന്ന് ഛത്തീസ്ഗഢിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളെ രാഷ്‌ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട കോടതി പരാതിയുണ്ടെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണെന്ന് മറുപടി നല്‍കി. ഇത്രയും പ്രധാനപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകരാരും കോടതിയില്‍ എത്തിയില്ലെന്നതും ശ്രദ്ധേയമായി. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് വലിയ തിരിച്ചടിയായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad