Type Here to Get Search Results !

Bottom Ad

റോഹിങ്ക്യ മുസ്ലിംങ്ങളെ മടക്കി അയക്കാനുള്ള നീക്കം: കേന്ദ്രത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍


കൊല്‍ക്കത്ത : (www.evisionnews.co) ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യ മുസ്ലിംങ്ങളെ മടക്കി അക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. റോഹിങ്ക്യകള്‍ക്കെതിരേ സുപ്രീം കോടതിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് മനുഷ്യാവകാശ കമ്മീഷന്‍ എതിര്‍ക്കും.
അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നവരാണെന്നും ഇവര്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റോഹിങ്ക്യകളെ മടക്കി അയക്കാനുള്ള കാരണമായി ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, മടക്കി അയക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിലപാട്.
മ്യാന്‍മറില്‍ റോഹിങ്ക്യക്കാര്‍ പരക്കെ ആക്രമണത്തിന് വിധേയരാവുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ശ്രമത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു. റോഹിങ്ക്യന്‍ മുസ്ലിം വംശജര്‍ മനുഷ്യത്വ രഹിതമായ ക്രൂരതയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ യുഎന്‍ ഹൈ കമ്മീഷണര്‍ സയ്യ്ദ് റാദ് ഹുസൈന്‍ വിമര്‍ശിച്ചു.
അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട് ശരിയല്ലെന്നും യുഎന്‍ ഹൈ കമ്മീഷണര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയില്‍ 40,000ത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പതിനാറായിരത്തിലധികം പേര്‍ക്ക് അഭയാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതാണ്. മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി റോഹിങ്ക്യന്‍ മുസ്ലിം വേട്ടയ്ക്ക് നിശബ്ദ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മ്യാന്‍മറിലെ സുരക്ഷാ സേനയ്ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി റോഹിങ്ക്യന്‍ വേട്ടയ്ക്കെതിരെ മിണ്ടാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള ഇന്ത്യന്‍ ഭരണകൂട ശ്രമങ്ങളെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad