Type Here to Get Search Results !

Bottom Ad

വിശുദ്ധ ഹജ്ജ്:മിനായിലെ ജമ്രയില്‍ കല്ലേറ് കര്‍മം തുടരുന്നു

മിന:മിനായിലെ ജമ്രയില്‍ കല്ലേറ് കര്‍മം തുടരുന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ള ദിവസമായിരുന്നു പെരുന്നാള്‍ ദിനമായ ഇന്നലെ. ഇന്ന് മുതല്‍ മൂന്നു ദിവസം ഹാജിമാര്‍ മിനായില്‍ താമസിച്ച് ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞു മിനായില്‍ മടങ്ങിയെത്തിയ തീര്‍ഥാടകര്‍ ഇന്ന് രാവിലെയാണ് ജമ്രയില്‍ കല്ലേറ് കര്‍മം ആരംഭിച്ചത്. 

കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍, മുടിയെടുക്കുക, ബലി നല്‍കുക, മക്കയിലെ ഹറം പള്ളിയില്‍ പോയി തവാഫ് നിര്‍വഹിക്കുക തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു. എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ തിരിച്ചെത്തും. ഇനിയുള്ള മൂന്നു ദിവസം മിനായില്‍ താമസിച്ച് മൂന്നു ജമ്രകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. ത്യാഗം സഹിച്ച് ഹജ്ജിന്റെ മാനവികത ഉള്‍ക്കൊണ്ടു പ്രധാനപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.

പ്രവാചകനായിരുന്ന ഇബ്രാഹിം നബി ബലികര്‍മത്തിനായി മിനായിലെത്തിയപ്പോള്‍ തടസ്സപ്പെടുത്തിയ പിശാചിനെ എറിഞ്ഞോടിച്ച സംഭവമാണ് മിനായിലെ കല്ലേറ് കര്‍മത്തിന്റെ പിന്നാമ്പുറ ചരിത്രം. തിരക്കൊഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പല തീര്‍ഥാടകരും രാത്രിയാണ് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് കല്ലേറ് കര്‍മം നടക്കുന്നത്. വിശാലമായ ജമ്രാ പാലത്തില്‍ തിരക്കില്ലാതെ കല്ലെറിയാനുള്ള സൗകര്യം ഇപ്പോഴുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad