Type Here to Get Search Results !

Bottom Ad

വ്യാപാരികള്‍ ഒഴിഞ്ഞിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ പഞ്ചായത്തിന് അലംഭാവമെന്ന് ആക്ഷേപം

കുമ്പള (www.evisionnews.co): ഏറെകാലത്തെ മുറവിളിക്കൊടുവില്‍ തകര്‍ന്നുവീഴാറായ കുമ്പള ബസ് സ്റ്റാന്റ് കെട്ടിടം വ്യാപാരികള്‍ ഒഴിഞ്ഞുകൊടുത്തിട്ടും പൊളിച്ചുമാറ്റുന്നതിലും പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം തുടങ്ങുന്നതിലും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം.

ബസ് സ്റ്റാന്റിന്റെ ഒരു ഭാഗം തകര്‍ന്നു വീണതോടെയാണ് ജനരോഷം ശക്തമായതും വ്യാപാരികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ പഞ്ചായത്ത് അന്ത്യശാസനം നല്‍കിയതും. കെട്ടിടം പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്ത് ഭരണസമിതി അഞ്ചുലക്ഷം രൂപ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഇപ്പോള്‍ ഈ അപകടാവസ്ഥയിലായ ബസ് സ്റ്റാന്റ് കെട്ടിടത്തിനുള്ളിലാണ് ബസ് കാത്തുനില്‍ക്കുന്നത്.

പഞ്ചായത്ത് അലംഭാവം വെടിഞ്ഞു അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാനും പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കാനും ഒഴിഞ്ഞുകൊടുത്ത വ്യാപാരികളെ പുനരധിവസിപ്പിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കുമ്പള യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഷ്റഫ് ഡ്രസ് ഗ്യാലറി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍. എന്‍.എ, സിയാദ് ബദ്രിയ നഗര്‍, നൗഷാദ് ബദ്രിയ നഗര്‍, ഉനൈസ്, സിറാജ്, അഫ്‌സല്‍, ഫര്‍സീന്‍, ഹക്കീം കുമ്പള പ്രസംഗിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad