ആലുവ : (www.evisionnews.co) നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം ആലുവ ജയിലില്‍ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എംഎല്‍എ എന്ന നിലയിലല്ല ദിലീപിനെ കാണാനാത്തിയത്, ഒരു സുഹൃത്ത് എന്ന നിലയിലാണ് എത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളില്‍ വച്ച് ദിലീപും സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തിരുവോണ നാളില്‍ നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും ഈ വര്‍ഷവും അതു തുടരാനാണ് സന്ദര്‍ശനമെന്നും ജയറാം വ്യക്തമാക്കി.
ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.
നേരത്തെ, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലില്‍ എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ജയിലിലെത്തി നടനെ കണ്ടിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.
Post a Comment
0 Comments