Type Here to Get Search Results !

Bottom Ad

മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും


ന്യൂഡല്‍ഹി : (www.evisionnews.co) മൂന്നാറിലെ പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനം. മണിക്കെതിരെ പരാതിക്കാരന്‍ പുതിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിക്കണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ മാനഭംഗത്തിന് ഇരയായ അമ്മയെയും മകളെയും മന്ത്രിയായിരിക്കെ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനൊപ്പമായിരിക്കും ഇത് പരിഗണിക്കുക.

ഇക്കഴിഞ്ഞ ഏപ്രിലില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എം.തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ എം.എം.മണി പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശം വിവാദമായതോടെ വനിതാ കമ്മിഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി ഇതേക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.

വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്നും മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതു നല്ല കാര്യവും മികച്ച പൊതുനയവുമാണെന്നു പറഞ്ഞ കോടതി, മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇക്കാര്യം നിര്‍ദേശിക്കാനാവില്ലെന്നാണ് വ്യക്തമാക്കിയത്. ഡല്‍ഹികാന്‍പുര്‍ ദേശീയ പാതയില്‍ അമ്മയും പതിമൂന്നുകാരി മകളും കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാകാമെന്ന അസം ഖാന്റെ ആരോപണമാണ് കഴിഞ്ഞ വര്‍ഷം വിവാദത്തിലായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ബന്ദിയാക്കിയശേഷമാണ് അക്രമികള്‍ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയത്. എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന എതിര്‍പാര്‍ട്ടികളാണു സമാജ്വാദി പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. തുടര്‍ന്ന് അസം ഖാന് സുപ്രീം കോടതി നോട്ടിസ് അയക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad