Type Here to Get Search Results !

Bottom Ad

പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ കഴിയുന്നില്ല; സിപിഎം ഇരട്ടപ്പദവി ഒഴിവാക്കുന്നു


ആലപ്പുഴ: (www.evisionnews.co) പാര്‍ട്ടി സമ്മേളനത്തോടെ ഇരട്ടപ്പദവിക്കാരെ സിപിഎം കുടിയിറക്കും. മുതിര്‍ന്ന സഖാക്കള്‍ക്ക് ഇനി ഉപദേശകസ്ഥാനം. ഔദ്യോഗിക തിരക്കുമൂലം ഒന്നിലേറെ പദവികള്‍ കൈവശം വയ്ക്കുന്നവര്‍ക്കു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പറ്റുന്നില്ലെന്ന വിലയിരുത്തലോടെയാണു നിര്‍ദേശം. ഒന്നിലേറെ പദവികള്‍ ആകാമെന്ന പാര്‍ട്ടി മാനദണ്ഡം പല നേതാക്കളും അധികാരവും പദവികളും കൈവശം വയ്ക്കാന്‍ ദുരുപയോഗം ചെയ്യുന്നുവെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. സമ്മേളനങ്ങള്‍ക്കു മുന്നോടിയായി താഴേത്തട്ടിലേക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്:

ആരോഗ്യപ്രശ്‌നമുള്ളവരെ ഒഴിവാക്കാം
രാഷ്ട്രീയ ധാരണയും നേതൃശേഷിയുമുള്ളവരെ പാര്‍ട്ടി ചുമതലകളിലേക്കു കൊണ്ടുവരണം. യുവാക്കള്‍ക്കു പ്രത്യേക പരിഗണന നല്‍കണം. രാത്രി വൈകിയും കമ്മിറ്റികളും മറ്റും ചേരേണ്ടതിനാല്‍ പ്രായമുള്ളവരെയും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും ഒഴിവാക്കണം. അനുഭവജ്ഞാനമുള്ള ഇവരെ ഉപരി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി ഉപദേശങ്ങള്‍ സ്വീകരിക്കാം. 

ഏരിയ സെക്രട്ടറി മുഴുവന്‍ സമയവും
മുഴുവന്‍ സമയം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രം ഏരിയ സെക്രട്ടറിമാരാക്കാം. സഹകരണ ബാങ്ക് പ്രസിഡന്റുസ്ഥാനം ചില ഏരിയ സെക്രട്ടറിമാര്‍ വഹിക്കുന്നുണ്ട്. അവരെയും സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കാം. 10 മുതല്‍ അഞ്ചുവരെ ജോലി ചെയ്തശേഷം ആറുമണിക്കുശേഷം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടുത്തേണ്ട. മുന്‍പു നല്ലതുപോലെ പ്രവര്‍ത്തിച്ചിരുന്ന അംഗങ്ങള്‍ സജീവമല്ലെങ്കില്‍ നീക്കംചെയ്യാം.

ലോക്കലിലും സഹകാരികള്‍ പുറത്ത്
സഹകരണ ബാങ്ക് ജീവനക്കാര്‍, സെക്രട്ടറിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ലോക്കല്‍ സെക്രട്ടറിയാകുന്നതു പാര്‍ട്ടി പ്രവര്‍ത്തനത്തിനു ഗുണകരമല്ല. ഇവരെ ഒഴിവാക്കുകയും പ്രവര്‍ത്തിക്കാന്‍ സമയമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്യണം. പ്രവര്‍ത്തിക്കാത്ത കമ്മിറ്റി അംഗങ്ങളെ കണ്ടെത്തി ഒഴിവാക്കണമെന്ന പ്ലീനം നിര്‍ദേശം പാലിക്കണം.

ശരാശരിക്കാര്‍ വേണ്ട
ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനത്തില്‍ ശരാശരിക്കു താഴെയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഒഴിവാക്കണം. പതിനഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റികള്‍ വിഭജിക്കണം.
യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിന് ഏരിയ കമ്മിറ്റികളില്‍ 40 വയസ്സില്‍ താഴെയുള്ള രണ്ടുപേര്‍ നിര്‍ബന്ധമായും വേണം. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പ്രസംഗം മാത്രമേ ഉദ്ഘാടനത്തിന് ഉപയോഗിക്കാന്‍ പാടുള്ളു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad