Type Here to Get Search Results !

Bottom Ad

സി.പി.എം -ബി.ജെ.പി സംഘർഷം:ബോവിക്കാനത്ത് കട തീവെച്ച് നശിപ്പിച്ചു

Image result for തീവെച്ച് നശിപ്പിച്ചു
ആദൂര്‍:(www.evisionnews.co) ബോവിക്കാനത്ത് ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മറവില്‍ ഉടലെടുത്ത സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിന് അയവുവന്നില്ല. ബോവിക്കാനം ടൗണില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോസ്റ്റാറ്റ് കട തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഫോട്ടോസ്റ്റാറ്റ് കടക്ക് തീപിടിക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പോലീസ് തീയണക്കുകയായിരുന്നു. കടക്കകത്തെ ഫോട്ടോസ്റ്റാറ്റ് സാമഗ്രികള്‍ കത്തിനശിച്ചു. പെട്ടെന്ന് തന്നെ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഫോട്ടോസ്റ്റാറ്റ് കടയുടെ ചില്ല് തകര്‍ത്ത് അകത്തേക്ക് തീയിട്ട ശേഷം സംഘം കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രാജന് പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലെന്നും തീവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ശോഭായാത്രയുമായി ബന്ധപ്പെട്ട് ബോവിക്കാനത്ത് ഉടലെടുത്ത സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും.  

Post a Comment

0 Comments

Top Post Ad

Below Post Ad