Type Here to Get Search Results !

Bottom Ad

മൗനം അബദ്ധമാണ്, ആ ധീര ശബ്ദത്തിന് ഇനിയും തുടര്‍ച്ചയുണ്ടാകണം


സ്വാദിഖ് ഹുദവി അല്‍ മാലികി ആലംപാടി

ലേഖനം : (www.evisionnews.co) മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഒരു ഇന്ത്യന്‍ വനിത അകാരണമായി കൊല്ലപ്പെടുന്നുവെന്നതിനപ്പുറം, സ്വതന്ത്രമായ കാഴ്ചപ്പാടുകളും ധീരോദാത്ത നിലപാടുകളും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന ഫാസിസ്റ്റ് മനോഗതമാണ് ഏറെ ഭയപ്പെടുത്തിക്കളയുന്നത്. ആരുടെ മുന്നിലും അടിയറ വെക്കാത്ത സ്വതന്ത്ര ചിന്തകളും ആശയങ്ങളും എന്നും ഫാസിസത്തിന്റെ പേടി സ്വപ്നമാണ്. അതിനാലായിരുന്നല്ലോ ഇതിന് മുമ്പ് കല്‍ബുര്‍ഗിയും ദാഭോല്‍കറും പന്‍സാരെയും അറുകൊല ചെയ്യപ്പെട്ടത്.
ഇതൊക്കെയായിട്ടും , നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഈ അസഹിഷ്ണുതകള്‍ക്ക് മുന്നില്‍ രാജ്യം ഭരിക്കുന്നവര്‍ മൗനം ദീക്ഷിക്കുമ്പോള്‍ അപകടാവസ്ഥയ്ക്ക് ആഴം കൂടുന്നു.

ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാര്യമായ വിവരങ്ങളൊന്നും ഇതുവരെയും കര്‍ണാടക പോലീസിന് ലഭ്യമായിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ഇതിന് മുമ്പുണ്ടായ സമാനമായ കൊലപാതകങ്ങളിലും പോലീസ് ഇരുട്ടില്‍ തപ്പുക തന്നെയായിരുന്നു. ഒരു പക്ഷേ, അതും ഈ ആവര്‍ത്തനത്തിന്റെ ഹേതുകമായിട്ടുണ്ടാകണം. എന്നാലും, സംശയത്തിന്റെ കരിനിഴല്‍ വീഴുന്നത് സംഘ് പരിവാറിന് മുകളില്‍ തന്നെയാണ്. ആരോഗ്യകരമായ ആശയസംവാദങ്ങള്‍ക്കോ തുറന്ന ചര്‍ച്ചകള്‍ക്കോ അവസരം നല്‍കാതെ വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും അരിഞ്ഞ് വീഴ്ത്തുകയെന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലങ്ങളായുള്ള പതിവ് തന്നെയാണ് അതിന് കാരണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ കൊലപാതകം മുതലേ അത് തുടങ്ങിയതുമാണ്.

പിതാവ് പി. ലങ്കേഷിന്റെ വഴിയേ പത്രപ്രവര്‍ത്തന രംഗത്തിറങ്ങിയ ഗൗരിയെ സംഘ് പരിവാറിന് അത്രമേല്‍ ഭയമായിരുന്നു. ഭീഷണികള്‍ക്ക് മുന്നില്‍ അടിയറവ് പറയാത്ത വാമൊഴിയും വരമൊഴിയും എന്ത് വില കൊടുത്തും അവസാനിപ്പിക്കണമെന്നതും അവരുടെ ആഗ്രഹമായിരുന്നു. മതേതര മൂല്യങ്ങളോട് കേരളം കാണിക്കുന്ന അനിതരസാധാരണമായ അഭിനിവേശത്തെ പ്രശംസിച്ചും പശുവിന് മുന്നില്‍ മനുഷ്യത്വം മറന്ന് പോകുന്ന സംഘി മനസ്ഥിതിയെ ക്രൂരമായി പരിഹസിച്ചുമായിരുന്നു അവരുടെ അവസാന പോസ്റ്റുകളിലൊന്ന്. ഹിംസാത്മക ഹിന്ദുത്വത്തിനെതിരെയുള്ള തന്റെ നിലപാടുകള്‍ കാരണം ഞാന്‍ ഒരു ഹൈന്ദവ വിരോധിയായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെന്ന് അവര്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ , അതൊരു ഭരണഘടനാപരമായ ഉത്തരവാദിത്തമായി കാണുന്ന ഞാന്‍ അത് നിര്‍ബാധം തുടരുമെന്നും ദൃഢനിശ്ചയം ചെയ്തിരുന്നു. ആ കര്‍ത്തവ്യബോധം തന്നെയായിരുന്നു അവരുടെ ഛേദോവികാരവും.

എന്ത്തന്നെയായാലും ഈ വെടിയുണ്ടകളൊക്കെയും തറക്കുന്നത് ഒരുപാട് തൃക്കരങ്ങള്‍ പടുത്തുയര്‍ത്തിയ ഇന്ത്യന്‍ മതേതരത്വത്തിന്റെ ആത്മാവിലാണ്. വിശ്വാസത്തിന്റെയും മത ഛിന്നങ്ങളുടെയും പേരില്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ അഴിച്ചുവിട്ട് അനാവശ്യ ഭയപ്പാട് സൃഷ്ടിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രകള്‍ തകൃതിയായി നടക്കുമ്പോഴും, രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി കൈകോര്‍ക്കാനും ശബ്ദിക്കാനും ഇനിയുമൊരുപാട് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാക്കിയുണ്ടെന്ന സന്ദേശമാണ് ഗൗരിയുടെ കൊലപാതകത്തിന് ശേഷം രാജ്യ തലസ്ഥാനമടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ നല്‍കുന്നത്. തോരാമഴയത്തും ഗൗരിയെ ഒരു നോക്കുകാണാന്‍ മണിക്കൂറുകള്‍ കാത്ത് നിന്ന ആയിരങ്ങള്‍ വിളിച്ച് പറഞ്ഞതും, ആള്‍ മരിച്ചാലും ആശയം മരിക്കുന്നില്ലെന്ന് തന്നെയാണ്. മഹാഭാരതത്തിന്റ മഹാത്മാവ് ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ ശബ്ദങ്ങള്‍ക്കും തുടര്‍ച്ചയുണ്ടാകണം. ബഹുസ്വരതയുടെ ശത്രുകള്‍ക്ക് വേണ്ടത് മൗനമാണ്. ആ മൗനം രാഷ്ട്രത്തോടും സ്വതത്തോടും ചെയ്യുന്ന കുറ്റമാണ്. അത്‌കൊണ്ട് ഈ ശബ്ദത്തിന് തുടര്‍ച്ചയുണ്ടാകട്ടെ...



Tags

Post a Comment

0 Comments

Top Post Ad

Below Post Ad