Type Here to Get Search Results !

Bottom Ad

ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചത് ടൂറിസത്തിനു വേണ്ടി: എക്‌സൈസ് മന്ത്രി


തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചത് ടൂറിസം മേഖലയ്ക്കു വേണ്ടിയാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. നേരത്തേയുണ്ടായിരുന്ന ദൂരപരിധി പുനഃസ്ഥാപിക്കുകയാണു ചെയ്തത്. ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകളാകാമെന്നായിരുന്നു ഉത്തരവ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുക.

ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ചട്ടം ഭേദഗതിക്കുശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ബാറുകളുടെ ദൂരപരിധി കുറയ്ക്കുകയാണെന്ന് 'മനോരമ ഓണ്‍ലൈന്‍' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് 2011 വരെ 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്-എസ്ടി കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച്, വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് വളരെ വ്യക്തമാണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ സുധീരന്‍ കുറിച്ചു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad