Type Here to Get Search Results !

Bottom Ad

ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തിലെ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നു, സെന്‍ട്രല്‍ജയിലില്‍ 189 പേര്‍


ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന.

ജൂലായില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ 177 പേര്‍ ആയിരുന്നത് ഓഗസ്റ്റില്‍ 189 ആയി ഉയര്‍ന്നു. നാടുകടത്തല്‍ കേന്ദ്രത്തില്‍ 96 പേരായിരുന്നത് 115 ആയും വര്‍ധിച്ചു. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ തിരക്കാനായി എംബസിയില്‍ നിന്നുള്ള സംഘം ഇരുസ്ഥലങ്ങളും സന്ദര്‍ശിച്ചതായും എംബസി അധികൃതര്‍ അറിയിച്ചു. 

ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നടത്തിയ എട്ട് പ്രതിമാസ ഓപ്പണ്‍ ഹൗസുകളിലായി 42 പരാതികളാണ് ലഭിച്ചത്. സ്ഥാനപതി പി. കുമരന്റെ സാന്നിധ്യത്തില്‍ നടത്തിയ ഓപ്പണ്‍ ഹൗസുകളില്‍ തൊഴിലാളികള്‍ നേരിട്ടാണ് പരാതികള്‍ നല്‍കിയത്. ലഭിച്ച പരാതികളില്‍ 14 എണ്ണം പരിഹാര നടപടികളിലാണ്. 28 എണ്ണമാണ് പരിഹരിക്കപ്പെട്ടത്. 

നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി 43 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും ഓഗസ്റ്റില്‍ വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 23 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു. ഓഗസ്റ്റില്‍ സല്‍വ, മിസൈദ്, അല്‍ഖോര്‍, ദുഖാന്‍, സിക്രീത്ത് എന്നിവിടങ്ങളിലായി നാല് കോണ്‍സുലാര്‍ ക്യാമ്പുകളും നടത്തി. 219 കോണ്‍സുലാര്‍ സേവനങ്ങളാണ് ക്യാമ്പിലൂടെ നല്‍കിയത്. 

ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലാര്‍ വിഭാഗത്തില്‍ ഫോട്ടോകോപ്പി, അപേക്ഷ പൂരിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി സേവന കേന്ദ്രവും ഫോറം തുറന്നിട്ടുണ്ട്. 

ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയെ കൂടാതെ തേഡ് സെക്രട്ടറി എം.അലീം, ഐ.സി.ബി.എഫ്. പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, ഐ.സി.ബി.എഫ്. മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad