Type Here to Get Search Results !

Bottom Ad

ഓണക്കാലത്ത് വിമാനക്കൂലി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിനു കത്ത്


തിരുവനന്തപുരം: (www.evisionnews.co)  ഓണക്കാലത്ത് ഗള്‍ഫില്‍നിന്നും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ച് നിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത തടയണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ നിരക്കുകുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാനാകും. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാനാകും. മേയ് 15ന് തിരുവനന്തപുരത്തു സര്‍ക്കാര്‍ വിളിച്ച വിമാനക്കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ വ്യോമയാന സെക്രട്ടറി ഉറപ്പു നല്‍കിയത്, വിമാനക്കമ്പനികള്‍ കൂടുതല്‍ ഫ്‌ലൈറ്റ് ഏര്‍പ്പെടുത്താന്‍ തയാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ്. അതിന്റെ തുടര്‍ച്ചയായി ജൂണ്‍ 23ന് കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ കൂടുതല്‍ ഫ്‌ലൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ വ്യോമയാന മന്ത്രാലയത്തിനു കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണം. തിരുവനന്തപുരത്തെ യോഗത്തിനുശേഷം ഷാര്‍ജയിലേക്കു കൂടുതല്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആഭ്യന്തര വിമാന കമ്പനികള്‍ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഗള്‍ഫിലേക്കു കൂടുതല്‍ സര്‍വീസ് വരുമ്പോള്‍ അവര്‍ക്കു ലഭിക്കേണ്ട യാത്രക്കാര്‍ കുറയുമോ എന്നാണ് ആശങ്ക. അത് തെറ്റായ വിലയിരുത്തലാണ്. ഉത്സവ സീസണില്‍ നിറയെ യാത്രക്കാരെ ലഭിക്കുമെന്നതാണ് അനുഭവമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad