Type Here to Get Search Results !

Bottom Ad

ഉദുമയില്‍ പൊതു ഇടങ്ങളില്‍ ഇനി പ്ലാസ്റ്റിക് കത്തിക്കില്ല

ഉദുമ:(www.evisionnews.co) നാടിനെ മലിനമാക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന് ഉദുമക്കാര്‍ കൂട്ടായ്മയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കൈകോര്‍ക്കുന്നു. ഉദുമ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ രാത്രി കാലങ്ങളില്‍ കത്തിക്കുന്നത് ഇല്ലാതാക്കാനും പ്ലാസ്റ്റിക് വിമുക്ത നാടിനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും തീരുമാനിച്ചു.
പ്ലാസ്റ്റിക് വ്യാപകമായി വലിച്ചെറിയുന്നത് മൂലം മണ്ണില്‍ ജലം ഇറങ്ങാതെയാവുന്നതും ഇവ കത്തിക്കുന്നതിലൂടെ അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതും ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
വ്യാപാരി വ്യവസായി ഉദുമയൂണിറ്റിന് കീഴിലുള്ള ഉദുമ ടൗണ്‍, പള്ളം, ഉദുമ മാര്‍ക്കറ്റ്, നാലാംവാതുക്കല്‍, മാങ്ങാട് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉദുമക്കാര്‍ കൂട്ടായ്മ അംഗങ്ങളുടെ വീടുകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്കുകള്‍ വൃത്തിയാക്കി പ്രത്യേക ബാഗുകളില്‍ കെട്ടിവെക്കണം. ശേഖരിച്ച പ്ലാസ്റ്റികുകള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വിദ്യാനഗര്‍ വ്യവസായ കേന്ദ്രത്തിലെ പുനരുപയോഗ കേന്ദ്രത്തിലേക്ക് കൈമാറും. കമ്പനി അധികൃതര്‍ നേരിട്ട് ഉദുമയില്‍ വന്ന് പ്ലാസ്റ്റിക് കൊണ്ടുപോകാന്‍ ധാരണയായി.
യോഗത്തില്‍ ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, സെക്രട്ടറി ഫറൂഖ് കാസ്മി, മെമ്പര്‍ അനില്‍ ഉദുമ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് യൂസഫ് റൊമാന്‍സ്, കാസര്‍കോട് വിദ്യാനഗര്‍ റീ സൈക്ലിംഗ് യൂണിറ്റ് പ്രതിനിധി വൈ. അബ്ദുല്‍ റഹിമാന്‍ കൊല്ലം സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad